പത്തനംതിട്ട : കോവിഡ് രോഗ കാലത്ത് ലോക്ക് ഡൗൺ മൂലം ആഹാരം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സന്നദ്ധ സംഘടനകളും വ്യക്തികളും നടത്തി വന്നിരുന്ന സൗജന്യ ഭക്ഷണ പൊതി വിതരണം അവസാനിപ്പിക്കണമെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ അഡ്വ. എ.സുരേഷ് കുമാർ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് സാധുക്കൾക്കാണ് കോവിഡ് കാലത്ത് വ്യക്തികളും സംഘടനകളും ആഹാരം നൽകിയത് . സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഇത്രയധികം പേർക്ക് ഭക്ഷണം നൽകാൻ കഴിയില്ല. നിരീക്ഷണത്തിൽ കഴിയുന്നവർക്കും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുറച്ചു പേർക്കും മാത്രമേ ഇവർക്ക് ഭക്ഷണം നൽകാൻ കഴിയുകയുള്ളൂ . ഭക്ഷണവിതരണം സംഘടനകളും വ്യക്തികളും വിതരണം ചെയ്യുന്നത് നിർത്തിയതിലൂടെ നൂറുകണക്കിന് സാധുക്കൾ ഇന്ന് ഭക്ഷണം കിട്ടാതെ വലഞ്ഞത് ഇതിനുദാഹരണമാണ് . ഭക്ഷണം സ്വന്തം ഉത്തരവാദിത്വത്തിൽ സംഘടനകൾക്കും വ്യക്തികൾക്കും നൽകാൻ അനുവാദം നൽകണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു.
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്ക് സഹായം ചെയ്യുവാന്‍ അവസരം ഉണ്ടാകണം. എല്ലാകാര്യങ്ങളും സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിയില്ല. സഹായഹസ്തവുമായി രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ചാരിറ്റി പ്രവര്‍ത്തകരും കാത്തിരിക്കുമ്പോള്‍ സഹായം ഒന്നും വേണ്ടെന്നു പറയുന്നതിലെ ഔചിത്യം എന്താണെന്നും സുരേഷ് കുമാര്‍ ചോദിച്ചു. മഹാപ്രളയം നാടിനെ വിഴുങ്ങിയപ്പോള്‍ ഇവിടുത്തെ പൊതുജനങ്ങളാണ് ആദ്യം ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്നീടാണ് രംഗത്ത് വന്നത്. ഒറ്റപ്പെട്ടു കിടന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിച്ചു കൊടുത്തത് ഇവിടുത്തെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഇവിടുത്തെ സന്നദ്ധ പ്രവര്‍ത്തകരായിരുന്നു. വിവിധ വീടുകളിലും പൊതു അടുക്കളകളിലും പാകം ചെയ്ത ഭക്ഷണപ്പൊതികള്‍ അന്ന് വിപുലമായി വിതരണം ചെയ്തു. വിശക്കുന്ന വയറുമായി കൈനീട്ടിയവരുടെ മുഖത്തെ ദൈന്യത കാണുവാന്‍ അന്ന് സന്നദ്ധ പ്രവര്‍ത്തകരെ ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഫുഡ് പോയിസണ്‍ ഉണ്ടായില്ലെന്നും എ. സുരേഷ് കുമാര്‍ പറഞ്ഞു.
പ്രവര്‍ത്തിക്കുവാനും ഭക്ഷണം നല്‍കുവാനും തയ്യാറാകുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കണം. പ്രത്യേക രജിസ്ട്രെഷനും പ്രവര്‍ത്തന മേഖലയും ക്രമപ്പെടുത്തി നല്‍കിയാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ചവെക്കുവാന്‍ പതനംതിട്ടക്ക് കഴിയുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.