തിരുവനന്തപുരം : കോവിൻ പോർട്ടലിൽ വാക്സീൻ സ്ലോട്ടുകൾ എപ്പോൾ അപ്ഡേറ്റ് ചെയ്യുന്നുവെന്നറിയാനുള്ള സ്വതന്ത്ര ഓൺലൈൻ ടൂളുകൾക്കു പ്രചാരമേറുന്നു. അപ്ഡേഷൻ പല സമയത്തു നടക്കുന്നതിനാൽ പോർട്ടൽ എപ്പോഴും പരിശോധിക്കുന്നതു പ്രായോഗികമല്ല.
ജില്ലയോ പിൻകോഡോ നൽകിയാൽ ഇമെയിൽ വഴിയും ടെലിഗ്രാം ആപ് വഴിയും സ്ലോട്ട് അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ ഇത്തരം ടൂളുകൾ വഴി ലഭ്യമാകുമെന്നതാണു മെച്ചം. ചെന്നൈയിൽ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശിയായ ബെർട്ടി വികസിപ്പിച്ച under45.in എന്ന സേവനം 10 ദിവസത്തിനിടെ ഉപയോഗിച്ചത് 2 ലക്ഷത്തിലേറെ പേരാണ്.
സമീപത്തെവിടെയെങ്കിലും സ്ലോട്ടുകൾ ഓപ്പൺ ആയാൽ ആ വിവരം ഉടൻ ടെലിഗ്രാമിലൂടെ അറിയിക്കാൻ ഓരോ നഗരത്തിനും പ്രത്യേക ടെലിഗ്രാം ചാനലുകൾ തുറന്നിട്ടുണ്ട്. കോവിൻ പോർട്ടലിലെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് (എപിഐ) ഉപയോഗിച്ചാണ് പ്രവർത്തനം. പേയ്ടിഎം, ഗെറ്റ്ജാബ് ഡോട്ട് ഇൻ (getjab.in) തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും സമാന സേവനമുണ്ട്.