തിരുവനന്തപുരം : ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ വെട്ടിക്കുറച്ചു. ന്യൂറോ അടക്കം കൂടുതല്‍ ചികിത്സ ചെലവ് വരുന്ന വിഭാഗങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് നിര്‍ത്തലാക്കിയത്. കാസ്പ് പദ്ധതി വഴിയുള്ള കുടിശിക ലഭിക്കാത്തതും സംസ്ഥാന സര്‍ക്കാരുമായി പുതിയ കരാര്‍ നടപ്പാക്കാത്തതുകൊണ്ടുമാണ് സൗജന്യ ചികിത്സ കുറച്ചത്.
കാസ്പ് പദ്ധതിയില്‍ അംഗങ്ങളായ എപിഎല്‍, ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കും തലോലം പദ്ധതിയില്‍ ബിപിഎല്‍ കുടുംബത്തിലെ കുട്ടികള്‍ക്കും എല്ലാ ചികിത്സകളും സൗജന്യമായിരുന്നു. ഇതാണ് നിര്‍ത്തലാക്കിയത്. കുട്ടികളുടെ ന്യൂറോ ശസ്ത്രക്രിയ അടക്കം സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ സൗജന്യമായി ലഭിക്കില്ല. ഹൃദയവിഭാഗത്തിലെ ചികിത്സ മുടങ്ങില്ല. ശ്രീചിത്രയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ചെലവ് കാസ്പ് പദ്ധതിയിലെ ചികിത്സ പാക്കേജിനെക്കാള്‍ കൂടുതലാണ്. ഇതിന് പുറമെ 18 കോടിയോളം രൂപ കുടിശികയുമുണ്ട്. കുടിശിക തീര്‍ക്കുന്നതിനൊപ്പം സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് ശ്രീചിത്രയ്ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പുതിയ കരാര്‍ ഉണ്ടാകണം. എന്നാല്‍ മാത്രമെ സൗജന്യ ചികിത്സ പൂര്‍ണമായും പുനരാരംഭിക്കാനാകു എന്നും ശ്രീചിത്ര ഡയറക്ടര്‍ ഡോക്ടര്‍ ജയകുമാര്‍ അറിയിച്ചു.
എല്ലാവര്‍ക്കും ചികിത്സ നല്‍കുക എന്നത് തന്നെയാണ് ശ്രീചിത്രയുടെ ലക്ഷ്യം. എന്നാല്‍ ശ്രീചിത്രയില്‍ ചികിത്സ ചെലവ് കൂടുതലാണ്. ലാഭം ഉണ്ടാക്കുകയല്ല ശ്രീചിത്രയുടെ ലക്ഷ്യം. എന്നാല്‍ സ്ഥാപനം മുന്നോട്ട് കൊണ്ട് പോകാന്‍ പണം ആവശ്യമാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടും ചികിത്സയ്ക്ക് ഈടാക്കുന്ന തുകയും മാത്രമാണ് ശ്രീചിത്രയുടെ വരുമാന മാര്‍ഗം. 18 കോടി കുടിശിക താങ്ങാവുന്നതിലപ്പുറമാണ്. കുടിശിക ലഭിച്ചില്ലെങ്കില്‍ ഇപ്പോള്‍ നല്‍കുന്ന സേവനം കൂടി തടസപ്പെടുന്ന സ്ഥിതിയാകുമെന്നും ശ്രീചിത്ര ഡയറക്ടര്‍ ജയകുമാര്‍ പറഞ്ഞു.
കാസ്പ് പദ്ധതി പ്രകാരം 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ചികിത്സ ചെലവ് വഹിക്കുന്നത്. കേരളത്തിന് പുറത്തുള്ള രോഗികള്‍ക്ക് ചെലവ് സംസ്ഥാന സര്‍ക്കാരിന് വഹിക്കാനാകില്ലെന്ന് അറിയിച്ചതോടെ തമിഴ്നാട്ടില്‍ നിന്ന് അടക്കമുള്ള രോഗികളുടെ സൗജന്യ ചികിത്സ മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലുള്ള കുട്ടികളുടെയും സൗജന്യ ചികിത്സ വിഭാഗങ്ങള്‍ കുറച്ചത്.