തിരുവനന്തപുരം : കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസിൽ യാത്ര ചെയ്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര വരെയാണ് മന്ത്രിയും കുടുംബവും ടിക്കറ്റെടുത്ത് യാത്ര ചെയ്തത്. കൂടുതൽ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് അത്യാധുനിക സൗകര്യങ്ങളുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ഏസി ബസുകൾ സർവീസ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 10 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സൗകര്യത്തിന് പുറമെ സൗജന്യ വൈഫൈ, എൻ്റർടെയ്ൻമെൻ്റ് സൗകര്യങ്ങൾ, ആധുനിക സീറ്റിങ് സംവിധനങ്ങൾ, CCTV തുടങ്ങി നിരവധി സൗകര്യങ്ങളും ബസിൽ ഉണ്ട്.
ഡ്രൈവർമാരെ നിരീക്ഷിക്കാനുള്ള ക്യാമറ സൗകര്യങ്ങളും പ്രധാന പ്രത്യേകതയാണ്. കെഎസ്ആർടിസിയുടെ പുത്തൻ സർവീസ് വിലയിരുത്താന്‍ ഗതാഗത മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര വരെ യാത്ര ചെയ്യതു. സർവീസ് വിജയകരമാണെന്നും കൂടുതൽ ബസുകൾ ഉടൻ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം – തൃശൂർ, തിരുവനന്തപുരം – പാലക്കാട്, തിരുവനന്തപുരം – തൊടുപുഴ റൂട്ടുകളിലാണ് നിലവിൽ ബസുകൾ സർവീസ് നടത്തുന്നത്. കൂടുതൽ ബസുകൾ എത്തിയാൽ മറ്റു റൂട്ടുകളിലേക്കും സർവീസ് നടത്തും. പുതിയ വാഹനം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ നടപടി എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.