തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കേണ്ട കോഴിക്കോട് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്റ കസേരയില്‍ അഞ്ചുവര്‍ഷത്തിനിടെ മാറിവന്നത് പതിനേഴുപേര്‍. അഞ്ചുതവണയായി സ്ഥലം മാറിവന്ന എന്‍ റംല ആകെയിരുന്നത് 18 മാസമാണ്. ഭൂമി തിരിച്ചുപിടിക്കാന്‍ കുടൂതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി, ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉടന്‍ അറിയിക്കാന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
പി.വി.അന്‍വര്‍ എം.എല്‍.എയും കുടുംബവും മലപ്പുറം കോഴിക്കോട് ജില്ലയിലായി ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തിയതായി കാണിച്ച് 2017 ലാണ് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ, ലാന്‍ഡ് ബോര്‍ഡിന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ലാന്‍ഡ് ബോര്‍ഡ്, ഭൂമി തിരിച്ചുപിടിക്കാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ്ചെയര്‍മാനോട് ആവശ്യപ്പെട്ടു. തിരിച്ചുപിടിക്കാന്‍ പോയിട്ട് കസേരയില്‍ ഒന്ന് ഉറച്ചിരിക്കാന്‍ പോലും ആര്‍ക്കും പറ്റിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 2017 നവംബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ ഇതേ തസ്തികയില്‍ സ്ഥലം മാറിവന്നവരുടെ പട്ടിക നോക്കുക.
17 പേര്‍. ഇതില്‍ അഞ്ചുതവണയും സ്ഥാനത്തിരുന്നത് എന്‍ റംല. പക്ഷെ ഇതില്‍ നാല് തവണയും ഇരിക്കാന്‍ പറ്റിയത് വെറും ദിവസങ്ങള്‍ മാത്രം.നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത നീക്കമാണിതെന്നാണ് പരാതിക്കാരന്റ ആക്ഷേപം. ലാന്‍ഡ് ബോര്‍ഡിന്റ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ചുമാസത്തിനകം മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഹൈക്കോടതിയില്‍ ഉത്തരവിട്ടിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിച്ചത്.