ലഖ്നോ : ഉത്തര്‍പ്രദേശില്‍ ഏഴുമണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച ‘മൃതദേഹം’ പുറത്തെടുത്തത് ‘ജീവനോടെ. മൊറാദാബാദ് ജില്ല ആശുപത്രിയിലാണ് സംഭവം. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഇലക്ട്രീഷനായ ശ്രീകേഷ് കുമാറിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ 40കാരന്‍ മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് ഏഴുമണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ കുമാറിന്‍റെ ഭാര്യാസഹോദരി മൃതദേഹത്തിന് അനക്കമുള്ളതായി ശ്രദ്ധിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
‘എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ വെളുപ്പിന് മൂന്നുമണിക്ക് പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തെ പരിശോധിച്ച് നോക്കിയിരുന്നു. തുടര്‍ന്ന് മരിച്ചതായി അറിയിച്ചു. ഇന്ന് രാവിലെ പോലീസും ബന്ധുക്കളും നോക്കിയപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്ന്’ -മൊറാദാബാദ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശിവ സിങ് പറഞ്ഞു. നിലവില്‍ മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ് കുമാര്‍. ഡോക്ടര്‍മാരുടെ അനാസ്ഥക്കെതിരെ പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.