രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി അനുദിനം വളരുകയാണ്. ഇപ്പോഴിതാ ഈ ഡിസംബർ മാസം വിപണിയിൽ എത്തുന്ന ചില ഇലക്ട്രിക് വാഹങ്ങളെ നമുക്ക് പരിചയപ്പെടാം. ഇതിൽ പ്രമുഖ ബ്രാൻഡുകൾ മുതൽ വിപണിയിൽ സ്വാധീനം അറിയിക്കാൻ ഒരുങ്ങുന്ന കമ്പനികൾ വരെയുണ്ട്. പെട്രോൾ, ഡീസൽ വാഹനങ്ങളോടുള്ള ആളുകളുടെ സമീപനം വളരെയധികം മാറിയെന്നും, ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത കൂടിയെന്നും നമുക്ക് ഇതിൽ നിന്ന് മനസിലാക്കാം. ഡിസംബറിൽ നിരത്തിലിറങ്ങുന്ന ഇ-സ്‌കൂട്ടറുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
ഏഥർ 450 അപെക്‌സ്
ഏഥർ എനർജിയുടെ ഏറ്റവും പുതിയ ലോഞ്ച് കാത്തിരിക്കുന്ന വാഹനമാണ് 450 അപെക്‌സ്. അധികം വൈകാതെ അതന്നെ ഈ സ്‌കൂട്ടർ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ മുൻ മോഡലായ 450Xന്റെ മെച്ചപ്പെട്ട പതിപ്പായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അറിയാൻ ലോഞ്ച് വരെ നാം കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ബജാജ് ചേതക് അർബൻ
പുതിയ ചേതക് അർബനുമായാവും ബജാജ് ഓട്ടോ ഈ മാസമെത്തുക. വിവിധ മാറ്റങ്ങളോടെയാണ് ഈ വാഹനം എത്തുന്നത്. ഡ്രം ബ്രേക്കുകൾ, സിംഗിൾ ഇക്കോ റൈഡിംഗ് മോഡ് എന്നിവ പുതിയ അടിസ്ഥാന വേരിയന്റിന്റെ സവിശേഷതകളാണ്. ഇതിന്റെ വില 1.15 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ഇതിന് പുറമെ കണക്റ്റിവിറ്റി ഓപ്ഷനുകൾ, അധിക റൈഡിംഗ് മോഡ് എന്നിവ ഉൾപ്പെടുത്തിയ ടെക്പാക് വേരിയന്റിന് 1.21 ലക്ഷം രൂപ മുതലാവും വില വരികയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൈനറ്റിക് ഗ്രീൻ ഇലക്ട്രിക് സ്‌കൂട്ടർ
കൈനറ്റിക് ഗ്രീൻ ഡിസംബർ 11ന് തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. പുതിയ ഇ-സ്‌കൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങൾ അധികമൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത് മികച്ച ഉൽപ്പന്നം ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികൾ.
സിമ്പിൾ ഡോട്ട് വൺ
തങ്ങളുടെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ടെങ്കിലും രണ്ടാമത്തെ മോഡലിന് ഇത്തരം ന്യൂനതകൾ ഒന്നുമില്ലാതെ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ഈ വാഹനം ബജറ്റ് ഫ്രണ്ട്ലി ആയിരിക്കും എന്നാണ് സൂചന. ഡോട്ട് വണ്ണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.