തിരുവനന്തപുരം : സഹകരണ പ്രസ്ഥാനത്തിലെ പരിചയ സമ്പത്തുമായി വി.എൻ. വാസവൻ ഇനി സഹകരണ വകുപ്പിന്റെ അമരത്ത്. രജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുമുണ്ട്. സഹകരണ പ്രൈമറി സംഘം അംഗം മുതൽ സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനം വരെ പ്രവർത്തിച്ച പരിചയമുണ്ട് വാസവന്. ചെത്ത്–മദ്യ വ്യവസായി തൊഴിലാളി സഹകരണ സംഘം രൂപീകരിച്ചു. ദീർഘകാലം പ്രസിഡന്റുമായിരുന്നു. യുഡിഎഫ് ഭരിച്ചിരുന്ന പാമ്പാടി, കൂരോപ്പട, മീനടം, വെള്ളൂർ, പനച്ചിക്കാട്, സഹകരണ ബാങ്കുകളുടെ ഭരണം എൽഡിഎഫ് നേടിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
പാമ്പാടി റൂറൽ ഹൗസിങ് സഹകരണ സംഘത്തിന്റെ ഭരണവും എൽഡിഎഫ് നേടി. കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. റബ്കോ രൂപീകരണത്തിനും നേതൃത്വം നൽകി. 23 വർഷമായി പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ സ്ഥാനത്തും തുടരുന്നു. വാസവന് ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും ഏറ്റുമാനൂർ ഏരിയ കമ്മിറ്റി ഓഫിസിലും സ്വീകരണം നൽകി.