ന്യൂഡൽഹി: മിസോറാമിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ. വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് മുന്നണികളുടെ തീരുമാനം. അട്ടിമറി വിജയം നേടാൻ ബിജെപി നിരവധി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിന് എത്തിക്കുന്നുണ്ട്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയശേഷം മിസോറാമിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ബിജെപി പ്രചാരണം. നരേന്ദ്രമോദിയുടെയും ജെപി നഡ്ഡയുടെയും നേതൃത്വത്തിലുള്ള ബിജെപിക്കു മാത്രമാണ് മിസോറാമിനെ ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളിലൊന്നായി ഉയർത്താൻ സാധിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
മിസോറാമിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നവംബർ ഏഴിന് വോട്ടായി മാറുമെന്നും ഗഡ്കരി അവകാശപ്പെട്ടു. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, ശശി തരൂർ എന്നിവർ മിസോറാം പ്രചാരണത്തിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം വാഗ്ദാനം ചെയ്ത് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. മിസോ നാഷണൽ ഫ്രണ്ട്, സോറാം പീപ്പിൾസ് മൂവ്മെന്റ് കോൺഗ്രസ് എന്നിവ 40 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമ്പോൾ ബി.ജെ.പി 23 സ്ഥാനാർത്ഥികളെ മാത്രമാണ് നിർത്തിയിരിക്കുന്നത്.