തിരുവനന്തപുരം : പെട്രൊള്‍, ഡീസല്‍ വില കൂട്ടുന്നത് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രൊളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രൊളിന് 98.16 പൈസയായി. ഡീസലിന് 93.48 രൂപയുമായി. ജൂണ്‍ മാസത്തില്‍ മാത്രം ഇതുവരെ ഏഴ് തവണയാണ് പെട്രൊളിന് വില കൂട്ടിയത്.
കഴിഞ്ഞ 41 ദിവസത്തില്‍ 24 തവണയും വില വര്‍ധിപ്പിച്ചു. നേരത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുപ്പത് രൂപയോളം വര്‍ധനയാണ് ഫലത്തില്‍ പെട്രൊളിന് ഉണ്ടായിരിക്കുന്നത്. 2020 മെയ് മാസത്തില്‍ 71 രൂപയായിരുന്നു പെട്രൊളിന്റെ വില.കേരളത്തില്‍ നിലവില്‍ പ്രീമിയം പെട്രൊളിന്റെ വില 100 കടന്നിരുന്നു.
നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.കൊവിഡിന്‍്റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് കഴിഞ്ഞവര്‍ഷം നേരിട്ടിരുന്നു. ആദ്യഘട്ട ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങള്‍ തുറന്നതോടെ രാജ്യാന്തര തലത്തില്‍ എണ്ണവില കൂടാനും തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്ബനികള്‍ നേരത്തെ നല്‍കിയ വിശദീകരണം. മോദിസര്‍ക്കാര്‍ വന്നശേഷം 2014 ഒക്ടോബറിലാണ് ഡീസല്‍വില നിയന്ത്രണാവകാശം എണ്ണക്കമ്ബനികള്‍ക്ക് വിട്ടുകൊടുത്തത്. പെട്രോള്‍വില നിയന്ത്രണവിമുക്തമാക്കിയത് 2010ല്‍ രണ്ടാം യുപിഎ സര്‍ക്കാരാണ്.