കൊച്ചി : ദിനംപ്രതിയുള്ള പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ കണ്ണു കെട്ടി പ്രതിഷേധവുമായി ആര്‍ജെഡി. ഹൈക്കോടതിക്കുസമീപം പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിനു മുന്നിലാണ് രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണുകള്‍ കെട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.
പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ഉത്ഘാടനം ചെയ്തു. പെട്രോള്‍ വില വര്‍ദ്ധിക്കുന്നതനുസരിച്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള ചരക്കു നീക്കം നിലയ്ക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കുകയും ചെയ്യും. സാധാരണക്കാരായ ജനങ്ങളെ ഇത് വളരെ അധികം ബാധിക്കുമെന്നും അനു ചാക്കോ പറഞ്ഞു.
ബിജെപി ഗവര്‍മെന്റിന്റെ ജനദ്രോഹ നടപടികള്‍ അതിരുകടക്കുന്നുവെന്നും പാചകവാതക വിലവര്‍ദ്ധനവ് നിലവില്‍ വന്നതോടെ അടുക്കളകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണ് സാധാരണക്കാരന്റെ വീടുകളില്‍ ഉണ്ടാകുന്നതെന്നും അനു ചാക്കോ പറഞ്ഞു. വര്‍ദ്ധനവ് പിന്‍വലിച്ച് ജനജീവിതം സുഗമമാക്കിയില്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിനെതിരെ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ അധ്യക്ഷത വഹിച്ചു. യുവ രാഷ്ട്രീയ ജനതാ ദള്‍ സംസ്ഥാന നേതാക്കന്‍മാരായ സുഭാഷ് കാഞ്ഞിരത്തിങ്കല്‍, യൂസുഫ് അലി മടവൂര്‍, സംസ്ഥാന കമ്മിറ്റി അംഗം സലിം, സംസ്ഥാന ട്രഷറര്‍ ദേവി അരുണ്‍, ജില്ലാ ഭാരവാഹികള്‍ ആയ സൂരാജമ്മ, സുധ വിജേഷ്, രമ്യ എന്നിവര്‍ പങ്കെടുത്തു.