ന്യൂഡല്‍ഹി : ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വിമര്‍ശനം .കേരളം അടക്കം 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം. ഇന്ധന വില സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തതവരുത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറച്ചിട്ടില്ല.
ഡല്‍ഹി, ബംഗാള്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളും നികുതി ഇളവ് നല്‍കിയിട്ടില്ല. മുഖ്യമന്ത്രി നവീന്‍ പട്‌നായക് പെട്രോളിനും ഡീസലിനും 3 രൂപ വീതം കുറച്ചെങ്കിലും നികുതി ഇളവ് നല്‍കാത്ത സംസ്ഥാനങ്ങളുടെ കേന്ദ്ര സര്‍ക്കാര്‍ പട്ടികയില്‍ ഒഡീഷയുമുണ്ട്. പട്ടിക പുറത്തുവന്നതിന് പിന്നാലെ മേഘാലയ നികുതി ഇളവ് പ്രഖ്യാപിച്ചു. ഡീസലിനും പെട്രോളിനും മൂല്യവര്‍ധിത നികുതി ഏറ്റവും അധികം കുറവു വരുത്തിയത് കേന്ദ്രഭരണപ്രദേശമായ ലഡാക്കാണ്.