തിരുവനന്തപുരം : ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ ജനകീയ സമരത്തിന് യുഡിഎഫ്. കേന്ദ്ര സർക്കാർ നാമമാത്രമായാണ് നികുതി കുറച്ചതെങ്കിലും അതിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളവും നികുതി കുറക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
കേന്ദ്രം നാമമാത്രമായാണ് നികുതി കുറച്ചത്. സംസ്ഥാനങ്ങൾ അതിന് ആനുപാതികമായി നികുതി കുറക്കാൻ തയ്യാറായി. എന്നാൽ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന കേരളം, നികുതി കുറക്കാൻ തയ്യാറാകുന്നില്ല. ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ഇതിലൂടെ നേടുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നികുതി കുറക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ പിടി വാശി അവസാനിപ്പിക്കണം. അതല്ലെങ്കിൽ ജനകീയ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.