നിര്‍മാതാവ് മരം കുലുക്കിയും നോട്ടടിച്ചുമല്ല പണം കൊണ്ടുവരുന്നതെന്ന് സിനിമ നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. അഭിനേതാക്കള്‍ വലിയ തുക പ്രതിഫലമായി ചോദിക്കുന്നതിനെതിരെയാണ് സുരേഷ് കുമാറിന്റെ പ്രതികരണം. വലിയ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കിക്കൊണ്ട് സിനിമയെടുക്കുമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയില്‍’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലുള്ള പ്രതിഫലമാണ് അവര്‍ ചോദിക്കുന്നത്. അതൊന്നും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാളസിനിമ.
അങ്ങനെയുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരാന്‍ പോകുന്നത്. അതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകും. ഇത്ര ബജറ്റില്‍ കൂടുതലുള്ള ആളുകളെ ഒഴിവാക്കും. ഇതെല്ലാവര്‍ക്കും മുന്നറിയിപ്പായാണ് ഇപ്പോള്‍ പറയുന്നത്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും, അഭിനന്ദിക്കും. അതുകൊണ്ട് വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടില്‍ ഇരിക്കുന്ന രീതിയിലേക്കാകും ഇനി പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.