ഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കമായി. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു. 55 രാജ്യങ്ങൾ ചേർന്ന ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നൽകി.കോവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസ രാഹിത്യമുണ്ടായെന്നും റഷ്യ – യുക്രൈന്‍ യുദ്ധം ഇത് വർധിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. മൊറോക്കോ ഭൂചലനത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ രാഷ്ട്രത്തിന്‍റെ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റിയിട്ടുണ്ട്.
രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഇന്ത്യയുടെ അധ്യക്ഷപദം. ജി 20 യിലൂടെ ലോകം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് കണ്ണുറപ്പിക്കുകയാണ്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 20 അംഗരാജ്യങ്ങളുടെ തലവന്മാരും ക്ഷണിക്കപ്പെട്ട ഒമ്പത് രാജ്യങ്ങളുടെ ഭരണാധികാരികളും ഐക്യരാഷ്ട്രസഭ ഉൾപ്പെടെ 14 ലോകസംഘടനകളുടെ മേധാവികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുട്ടിന് പകരം വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പങ്കെടുക്കും.
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങിന് പകരം പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ,യുകെ പ്രധാനമന്ത്രി ഋഷി സുനക് ,അർജന്‍റീന പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് തുടങ്ങിയവർ ഡൽഹിലെത്തി. രാവിലെ 10 : 30ന് ആരംഭിക്കുന്ന ഉച്ചകോടിയിൽ വസുധൈവ കുടുംബകം എന്ന ആശയത്തിൽ ഒരുഭൂമി ഒരു കുടുംബം ഒരു ഭാവി എന്നി വിഷയങ്ങളുടെ ഭാഗമായി ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയവ ചര്‍ച്ച ചെയ്യും.