രാവിലെ എഴുന്നേല്‍ക്കാന്‍ മടി. പഠിക്കാന്‍ മടി. ഭക്ഷണം കഴിക്കാന്‍ മടി. ഓഫീസില്‍ പോകാന്‍ മടി. പാചകം ചെയ്യാന്‍ മടി. അങ്ങിനെ മനുഷ്യന് പല കാര്യത്തില്‍ മടിയാണ്. ഇന്ന് മടി മാറ്റി നന്നാവും എന്ന് വിചാരിച്ചാലും പലപ്പോഴും നമ്മള്‍ക്ക് അതിന് സാധിക്കാറില്ല എന്നതാണ് സത്യം. എത്ര ശ്രമിച്ചിട്ടും മടി മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ടിപ്‌സ് നോക്കാവുന്നതാണ്. പലര്‍ക്കും എന്ത് എങ്ങിനെ സംഭവിക്കും? അല്ലെങ്കില്‍ ഒരു കാര്യം എങ്ങനെ ചെയ്യണം? അതുമല്ലെങ്കില്‍ ഭാവി എന്ത് ചെയ്യണം? എന്നിങ്ങനെ ജീവിതത്തെക്കുറിച്ച് യാതൊരുവിധ ലക്ഷ്യബോധവും ഇല്ലാതിരിക്കുന്നത് ഒരു മനുഷ്യനെ മടിയന്മാരാക്കുന്നുണ്ട്. നമ്മള്‍ക്ക് ഒരു കൃത്യമായ ലക്ഷ്യം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു വ്യക്തി അതിലേയ്ക്ക് എത്തിച്ചേരാന്‍ വേണ്ടി എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.
നിങ്ങള്‍ ചെറിയ കാര്യങ്ങള്‍ ആയാലും അതുപോലെ ജീവിതത്തില്‍ നേടേണ്ട വലിയ നേട്ടങ്ങള്‍ പോലും കൃത്യമായ പ്ലാനോടുകൂടി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ മടി മാറാന്‍ ഇത് സഹായിക്കുന്നതാണ്. ഒറ്റയടിക്ക് നിങ്ങള്‍ക്ക് ചിലപ്പോള്‍ മടിയെല്ലാം മാറ്റി ഇതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ ആദ്യം തന്നെ ചെറിയ ഗോള്‍ സെറ്റ് ചെയ്യുക. പിന്നീട് ഇത് ലഭിക്കാന്‍ പ്രയത്നിക്കുക. പിന്നീട് പതിയെ പതിയെ സാവധാനത്തില്‍ നിങ്ങള്‍ക്ക് ലക്ഷ്യത്തിലേയ്ക്ക് എത്താനും സാധിക്കും. അതുപോലെ തന്നെ മടിയും മാറ്റാന്‍ സാധിക്കും. നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യത്തിനും മുന്‍ഗണന നല്‍കേണ്ടത് അനിവാര്യമാണ്. ഏത് കാര്യത്തിനാണോ ഏറ്റവും പ്രാധാന്യമുള്ളത് അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത്, ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണനകള്‍ നല്‍കുക. അതിന് ശേഷം ബാക്കി കാര്യങ്ങളിലേയ്ക്ക് എത്താവുന്നതാണ്. നിങ്ങള്‍ ജീവിതത്തില്‍ ഓരോ കാര്യത്തിനും ഇതുപോലെ മുന്‍ഗണ നല്‍കുന്നത് അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും നിങ്ങളുടെ മടി മാറ്റി എടുക്കാനും സാധിക്കുന്നതാണ്. ഇന്ന് പലരേയും മടിയനമാരാക്കുന്നത് സോഷ്യല്‍ മീഡിയ ആണ്.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഫോണില്‍ നോക്കി ഇരിക്കുന്നവരാണ് പലരും. ഇത്തരത്തില്‍ ഫോണില്‍ സോഷ്യല്‍മീഡിയ ഉപയോഗിച്ച് ഇരിക്കുമ്പോള്‍ സമയം പോകുന്നത് പോലും പലപ്പോഴും നമ്മള്‍ അറിയാറില്ല. അതിനാല്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. നമ്മള്‍ക്ക് പലപ്പോഴും സാധിക്കാതെ പോകുന്നത് സമയത്തെ മാനേജ് ചെയ്യാന്‍ പറ്റാത്തതാണ്. പക്ഷേ ഒരു കാര്യം ഈ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കും അല്ലെങ്കില്‍ നേടും എന്ന് സ്വയം തീരുമാനിക്കുന്നത് കുറച്ചും കൂടെ ആക്ടീവായി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്. അതുപോലെ നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കുന്ന ആളുകളുമായി സംസാരിക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്യം നിറവേറ്റാന്‍ നിങ്ങളെ സഹായിക്കും. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും എങ്ങിനെ മടി കൂടാതെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും എന്നതിനെ പറ്റിയെല്ലാം കൃത്യമായ ധാരണകള്‍ നിങ്ങള്‍ക്ക് വന്ന് ചേരും ഇതും മടി മാറ്റാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.