ദില്ലി: ജി20 ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയില്‍ സമവായം. ആഹ്ളാദ വാര്‍ത്ത അറിയിക്കുന്നുവെന്ന മുഖവുരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അക്രമത്തിന്റെയും അധിനിവേശത്തിന്റെയും കാലഘട്ടമല്ലിതെന്നു ലോകത്തെ ഓര്‍മിപ്പിച്ചുമാണ് സംയുക്ത പ്രമേയം. അതേസമയം യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയെ ശക്തമായി അപലപിക്കാതെയുമാണ് സംയുക്ത പ്രസ്താവനയെന്നത് ശ്രദ്ധേയമായി.
യുക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാക്കണമെന്നാണ് സംയുക്ത പ്രസ്താവന. കോവിഡിനു ശേഷമുള്ള ദുരിതം കൂട്ടാന്‍ യുക്രെയ്ന്‍ യുദ്ധം ഇടയാക്കിയെന്നു കുറ്റപ്പെടുത്തുന്ന പ്രമേയത്തില്‍ ഒരു രാജ്യത്തിന്റെയും പരമാധികാരത്തിലേക്ക് കടന്നുകയറ്റം പാടില്ലെന്നും ആണവായുധ ഭീഷണി അംഗീകരിക്കില്ലെന്നും പറയുന്നു. യുക്രെയ്ന്‍ വിഷയത്തില്‍ രാജ്യങ്ങള്‍ക്ക് പല നിലപാടായതിനാല്‍ ഒരു സംയുക്ത പ്രസ്താവന അംഗീകരിക്കാന്‍ കഴിയുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ അധിനിവേശത്തെ അപലപിച്ചും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടും സംയുക്ത പ്രസ്താവന ഇറക്കാനായതില്‍ ഉച്ചകോടിയുടെ ആതിഥേയരായ ഇന്ത്യക്ക് വലിയ നയതന്ത്ര നേട്ടമായി.