റാന്നി : ചെളി അടിഞ്ഞ് ഗ്യാലറി അടഞ്ഞതോടെ വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള വിതരണ പദ്ധതിയിലെ പമ്പിങ് മുടങ്ങി. പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തു നിര്‍മ്മിച്ച ഗ്യാലറിയില്‍ നിന്നും കിണറിലേക്കുള്ള പൈപ്പിലാണ് മണ്ണും ചെളിയും കയറി അടഞ്ഞത്. ഇതുമൂലം കിണറിലേക്കു വെള്ളം എത്തുന്നില്ല. നദിയില്‍ വെള്ളം കൂടുതലായതിനാല്‍ പുനരുദ്ധാരണവും പ്രതിസന്ധിയിലായി. ഇതോടെ പദ്ധതിയുടെ കീഴില്‍ കുടിവെള്ള വിതരണം മൂന്നു ദിവസമായി മുടങ്ങിയ നിലയിലാണ്. കിണറിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകള്‍ അടുത്ത സമയത്ത് പുനരുദ്ധരിച്ചതാണ്.
വെച്ചൂച്ചിറ പഞ്ചായത്തില്‍ പൂര്‍ണ്ണമായും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ചെളി അടിഞ്ഞതിനെ തുടര്‍ന്ന് തടസപ്പെട്ടത്. പദ്ധതിയുടെ കിണറിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളിലൂടെ ചെളി കയറി അടഞ്ഞിരിക്കുകയാണ്. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിക്കായി സ്‌ഥാപിച്ച തടയണ നിറഞ്ഞ് വെള്ളം ഒഴുകുകയാണ് ഇപ്പോള്‍. അതിനാല്‍ നദിയില്‍ വെള്ളക്കൂടുതലാണ്.
വൈദ്യുത പദ്ധതിയിലെ ഫോര്‍ബേ ടാങ്കിലും ചെളി നിറഞ്ഞതിനാല്‍ അവര്‍ വെള്ളം എടുക്കുന്നില്ല. ഇതും പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. തടയണയില്‍ നിന്നും വെള്ളം ഫോര്‍ബേ ടാങ്കു വഴി വൈദ്യുത പദ്ധതിയുടെ അധികജലം ഒഴുക്കി വിടുന്ന വഴി എത്തിച്ചാല്‍ ഗ്യാലറിയിലെ വെള്ളം കുറയും. അതിന് ഉന്നത തലത്തിലെ ഇടപെടല്‍ ആവശ്യമാണ്. പുനരുദ്ധാരണം വൈകുന്നതിനാല്‍ കുടിവെള്ളം മുടങ്ങിയത് നവോദയ സ്‌കൂള്‍, പോളിടെക്‌നിക് എന്നിവിടങ്ങളിലെ പ്രവര്‍ത്തനം ബുദ്ധിമുട്ടാക്കും.