പത്തനംതിട്ട : ഭാരതത്തിന്റെ വികസനവും ഭാരതീയരുടെ ജീവിത ശൈലിയും ഗാന്ധിയൻ മാർഗത്തിലൂടെ സ്വതന്ത്ര ഭാരതം വിഭാവനം ചെയ്ത സമ്പൂർണത കൈവരിക്കാൻ കഴിയണമെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ പ്രസ്‌താവിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻവേദി പത്തനംതിട്ട ജില്ലാസമ്മേളനം പത്തനംതിട്ട വൈ എം സി എ ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ലക്ഷ്യവും മാർഗവും ഒന്നാകണം. സർക്കാരുകൾക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കികൊടുക്കുന്നതാണ് മദ്യവില്പനയെങ്കിലും കുടുംബങ്ങളുടെ ഭദ്രത തകർക്കുന്ന മദ്യം പൂർണമായും നിരോധിക്കണം. എത്രയുണ്ട് എന്നതിനേക്കാൾ തന്റെ ആവശ്യം എത്രയെന്നതാവണം നാം ചിന്തിക്കേണ്ടത്. നാം ഏറ്റെടുക്കുന്നതും നടപ്പാക്കുന്നതുമായ കാര്യങ്ങൾ പാവങ്ങൾക്ക് സഹായകരമാകുന്നുവെങ്കിൽ അതാണ് ഗാന്ധിസം. ഭാരതത്തിന്റെ ഭരണത്തിൽ ജവഹർലാൽ നെഹ്‌റു അവലംബിച്ചത് ഗാന്ധിയൻ മാർഗ്ഗമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശിയ വിദ്യാഭ്യാസ നയത്തെപറ്റി പ്രവാസിവേദി സംസ്ഥാന ട്രഷറാർ ശ്രീകുമാർ പിള്ളയും പരിസ്ഥിതി ആഘത പഠന ഭേദഗതി 2020 പ്രമേയം ഡോ. ഗോപിമോഹനും, കേരള ഭൂപ്രശ്നങ്ങളെ സംബന്ധിച്ച് മുൻ മുനിസിപ്പൽ ചെയർപേഴ്സൺ രജനി പ്രദീപും പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഗാന്ധിദർശൻ വേദി ജില്ലാ പ്രസിഡന്റ് ബെന്നി പുത്തൻപറമ്പിലിന്റെ അധ്യക്ഷതയിൽ കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ് യു എൻ ഡി പി മുൻ ഡയറക്ടർ ഡോ. ജോൺ സാമുവേൽ ഗാന്ധിദർശനവേദി സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ ഹരിതവേദി സംസ്ഥാന കോഡിനേറ്റർ സജി ദേവി, സംസ്ഥാന പുരസ്‌കാരസമിതി ചെയർമാൻ ഡോ. ഗോപിമോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. സജി ചാക്കോ, അംജിത് അടൂർ, വനിതാവേദി സംസ്ഥാന ജനറൽ കൺവീനർ രജനി പ്രദീപ്, പ്രവാസിവേദി സംസ്ഥാന ട്രഷറാർ ശ്രീകുമാർ പിള്ള, ഏബൽ മാത്യു, അബ്ദുൽ കലാം ആസാദ്, അഡ്വ. ഷൈനി ജോർജ്ജ്, എം. ഫിലിപ്പ് ജോൺ, വിഷ്ണു, മണ്ണടി മോഹൻ, വി. എസ്, റിജോ പെരിങ്ങര എന്നിവർ പ്രസംഗിച്ചു.