ചെന്നൈ: മഹാത്മാ ഗാന്ധിയുടെ അവസാന കാലത്ത് കൂടെയുണ്ടായിരുന്ന പേഴ്സണല്‍ സെക്രട്ടറി വി. കല്യാണം (99) അന്തരിച്ചു. ചെന്നൈ പടൂരിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് 3.30നായിരുന്നു മരണമെന്ന് കല്യാണത്തിന്റെ ഇളയ മകള്‍ നളിനി അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു കല്യാണത്തിന്റെ ജനനം. 1944 – 48 വരെ നാലുവര്‍ഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്. ഗാന്ധിജിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്നതായി കല്യാണത്തിന്റെ ജീവചരിത്രകാരന്‍ കുമാരി എസ്. നീലകണ്ഠന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഗാന്ധിജി കൊല്ലപ്പെടുമ്പോഴും കല്യാണം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.