ഹൈദരാബാദ്: ഗണേശ ചതുർഥി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിലെ പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ച് അധികൃതർ. സെപ്തംബർ 17ന് ഘോഷയാത്ര നടക്കുന്നതിന് മുന്നോടിയായാണ് നീക്കം. സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.
ഹൈദരാബാദ് പോലീസിനോട് വർഗീയ സംഘർഷമുണ്ടാകാനുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും അധികൃതർ നിർദേശം നൽകി. സ്പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് നീക്കങ്ങളെല്ലാം പുരോഗമിക്കുന്നത്. നാംപള്ളിയിലെ ഏക് മിനാർ മസ്ജിദ്, മോസംജാഹിയിലെ മസ്ജിദ് ഇ മെഹബൂബ്, സിദിയംബർ ബസാറിലെ ജാമിയ മസ്ജിദ് എന്നിവയെല്ലാമാണ് വെള്ളത്തുണി കൊണ്ട് മറച്ച പള്ളികളിൽ ചിലത്.
അതേസമയം ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ച സംഭവത്തിൽ വിമർശനവും ഉയരുന്നുണ്ട്. സംഘർഷമുണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ പള്ളികൾ മറക്കുന്നതെന്ന് വിശദീകരണമുണ്ടെങ്കിലും വലിയ രീതിയിൽ മതപരമായ വേർതിരിവ് സൃഷ്ടിക്കുന്നതാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ നീക്കം നടത്തുന്നതെന്ന വിമർശനവും ശക്തമായിട്ടുണ്ട്. ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് ഹൈദരാബാദിൽ നടക്കുന്നത്. കുളങ്ങളും കൃത്രിമമായി നിർമിച്ച ജലാശയങ്ങളുമെല്ലാം ഗണേശ വിഗ്രഹനിമഞ്ജനത്തിനായി ഒരുക്കിയിട്ടുണ്ട്.