തിരുവനന്തപുരം : മൊബൈലില്‍ അസഭ്യ വോയ്സ് മെസ്സേജ് അയച്ചു എന്നാരോപിച്ച് 17കാരനെ യുവാക്കള്‍ മര്‍ദിച്ചതായി പരാതി. തിരുമല തൈവിള പെരുകാവ് രോഹിണിയില്‍ ബിനുകുമാറിന്റെ മകന്‍ അബിനാണ് മര്‍ദനമേറ്റത്. എയര്‍ഫോഴ്സില്‍ ജോലി ചെയ്യുന്ന രാജേഷ്, രതീഷ് എന്നീ സഹോദരങ്ങളാണ് അബിനെ മര്‍ദിച്ചതെന്നു പിതാവ് ബിനുകുമാര്‍ പോലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പ്രതികളുടെ ഫോണിലേക്ക് അസഭ്യം വിളിച്ച് വന്ന ശബ്ദ സന്ദേശം അബിന്‍ ആണ് അയച്ചത് എന്നാരോപിച്ചാണ് മര്‍ദനം നടന്നത്. ബന്ധുവീട്ടില്‍ ആയിരുന്ന അബിനെ പ്രതികള്‍ കൂട്ടികൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു. താന്‍ അല്ല വോയിസ് സന്ദേശം അയച്ചത് എന്ന് അബിന്‍ പറഞ്ഞുവെങ്കിലും യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. പതിനേഴുകാരനെ മര്‍ദിക്കുന്നതും നിലത്ത് ഇട്ട് ചവിട്ടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനത്തെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട അബിനെ മണിയറവിള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മലയിന്‍കീഴ് പോലീസ് കേസെടുത്തു.