ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന പഞ്ചാബില്‍ നിന്നുള്ള വൃദ്ധനായ കര്‍ഷകനു നേരെ പാരാമിലിറ്ററി ഉദ്യോഗസ്ഥന്‍ ലാത്തിവീശുന്ന ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരെ അക്രമം. പി.ടി.ഐ ഫോട്ടോജേണലിസ്റ്റും ഡല്‍ഹി സ്വദേശിയുമായ രവി ചൗധരിയാണ് കേന്ദ്രസര്‍ക്കാര്‍ മുദ്രയുള്ള ബൊലേറോയിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ട്വീറ്റ് ചെയ്തത്. അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും ഉത്തര്‍പ്രദേശിലെ മുറാദ് നഗര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് രവി ചൗധരി ട്വീറ്റ് ചെയ്തു.
രവി ചൗധരിയുടെ ട്വീറ്റ്’ – ബൈക്കില്‍ പോവുകയായിരുന്ന എന്നെ ഗംഗ കനാല്‍ റോഡില്‍ വെച്ച് അഞ്ചാറു പേര്‍ അക്രമിച്ചു. UP 14 DN 9545 എന്ന നമ്പറിലുള്ള ബൊലേറോ കാറില്‍ ‘ഭാരത് സര്‍ക്കാര്‍’ എന്നെഴുതിയിരുന്നു. മുറാദ്‌നഗര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു. ഇനിയെന്ത് ചെയ്യണം?’
ഡല്‍ഹി അതിര്‍ത്തിയില്‍ സമാധാനപരമായി സമരം ചെയ്യുന്ന പഞ്ചാബില്‍ നിന്നുള്ള വൃദ്ധകര്‍ഷകനെ പാരാമിലിറ്ററി ഉദ്യോഗസ്ഥന്‍ ലാത്തി കൊണ്ട് നേരിടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നവംബര്‍ അവസാനവാരത്തില്‍ രവി ചൗധരി പകര്‍ത്തിയ ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചു. കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ ഉരുക്കുമുഷ്ഠി കൊണ്ടാണ് നേരിടുന്നതെന്ന് പ്രതിപക്ഷകക്ഷികള്‍ വിമര്‍ശിക്കുകയും ചെയ്തു.
ഫോട്ടോയിലുള്ള പാരാമിലിറ്ററി ഉദ്യോഗസ്ഥന്‍ കര്‍ഷകനെ മര്‍ദിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനായി ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാല്‍വിയ വീഡിയോ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വ്യാജമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. വീഡിയോയില്‍ നിന്ന് തനിക്ക് ആവശ്യമുള്ള ഭാഗം മാത്രം എടുക്കുകയാണ് മാല്‍വിയ ചെയ്തതെന്നും പോലീസ് മര്‍ദനത്തില്‍ തനിക്ക് പരിക്കേറ്റതായി വൃദ്ധന്‍ വ്യക്തമാക്കിയതായും ബൂംലൈവിനെ ഉദ്ധരിച്ച് ട്വിറ്റര്‍ വ്യക്തമാക്കി. മുമ്പ് ന്യൂ ഇന്ത്യന്‍ എക്സ് പ്രസ് , ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ മാധ്യമങ്ങളില്‍ ഫോട്ടോഗ്രാഫറായിരുന്നു ആക്രമണത്തിനിരയായ രവി ചൗധരി.