ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഇരയുടെ പിതാവിന്റെ പരാതിയിന്മേല്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എല്‍.എല്‍.ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ‘എനിക്ക് നീതി ലഭിച്ചില്ലെന്ന്” എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പെണ്‍കുട്ടി പറയുന്നതനുസരിച്ച് പ്രതിയായ കമറുദ്ദീന്‍ പലപ്പോഴും ഫോണില്‍ വിളിക്കുകയും വീട്ടില്‍ വരികയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന് പ്രതി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇയാള്‍ പെണ്‍കുട്ടിയോട് മാപ്പ് ചോദിക്കുകയും വിവാഹവാഗ്ദാനം നല്‍കുകയും ചെയ്ത് കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.
എന്നാല്‍ ഒക്ടോബര്‍ 16ന് ഇരയെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകനും മറ്റ് രണ്ട് സുഹൃത്തുക്കളും ബലാത്സംഗം ചെയ്യുകയായിരുന്നു. ഇത് വീഡിയോയില്‍ പകര്‍ത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പരാതി നല്‍കിയിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് കുറിപ്പിലുണ്ട്. പോലീസിനെതിരെ നാട്ടുകാരും ബന്ധുക്കളും ആരോപണവുമായെത്തിയിരുന്നു.