ദില്ലി : ദില്ലിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച കേസില്‍ അന്വേഷണത്തിന് പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ദില്ലി പോലീസ്. പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പിടികൂടി. സംഭവത്തിൽ പതിനൊന്ന് പേർ അറസ്റ്റിലായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ഉൾപ്പടെയാണ് അറസ്റ്റിലായത്.
രാജ്യതലസ്ഥാനത്ത് ബലാത്സംഗ ഇരയെ അപമാനിച്ച് സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലീസ് നടപടികൾ ഊർജ്ജിതമാക്കുന്നത്. കേസിൽ അറസ്റ്റിലായവരിൽ ഒന്‍പത് പേര്‍ സ്ത്രീകളും രണ്ടുപേർ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമാണ്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നാല് പേരാണ് ഇതിൽ പ്രതികൾ. രണ്ട് പേരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് ദില്ലി ഷാദ്രയില്‍ യുവതിക്ക് നേരെ ആള്‍ക്കൂട്ട അതിക്രമം നടന്നത്. യുവതിയുടെ മുഖത്ത് കരി ഓയിൽ പുരട്ടി ചെരുപ്പുമാല അണിയിച്ച് നഗര മധ്യത്തിലൂടെ നടത്തിച്ചു. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. പ്രദേശത്ത് മദ്യമാഫിയ്ക്ക് നേതൃത്വം നൽകുന്നയാളാണ് പീഡനക്കേസിലെ പ്രതി. ഇയാളുടെ മകൻ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം പെൺകുട്ടിയാണെന്ന് ആരോപിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.