ഡൽഹി: ഗംഗാ ദസറ ആഘോഷിച്ച് ഭക്തർ. ഗംഗാ ദസറ ദിനത്തിൽ പതിനായിരക്കണക്കിന് ഭക്തരാണ് തീർത്ഥ ഘട്ടങ്ങളിൽ സ്നാനം ചെയ്യാൻ ഇത്തവണ എത്തിച്ചേർന്നത്. പ്രയാഗ് രാജ് മുതൽ ഹരിദ്വാർ വരെയുള്ള സ്നാന ഘട്ടങ്ങളിലാണ് ആരതി ചെയ്തും നദിയിൽ മുങ്ങിയും ഗംഗാ ദസറ ഭക്തർ ആഘോഷിച്ചത്. ഗംഗാ ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി സ്നാന ഘട്ടങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജേഷ്ഠശുക്ല പക്ഷത്തിലെ ദശമി തീയതികളിലാണ് ഗംഗാ ദസറ ആഘോഷിക്കാറുള്ളത്.
ഈ ദിവസമാണ് ഗംഗാ നദി ഭൂമിയിലേക്ക് എത്തിയതെന്നാണ് വിശ്വാസം. ഉത്തർപ്രദേശിലെ ത്രിവേണി സംഗമസ്ഥാനമായ പ്രയാഗ് രാജിൽ മാത്രം ആയിരക്കണക്കിന് പേർ എത്തിച്ചേർന്നിട്ടുണ്ട്. ഗംഗാ ദസറ ദിനത്തിൽ ഗംഗാ സ്നാനം, ഗംഗാജലം ഉപയോഗിക്കൽ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ പുണ്യമായാണ് കരുതുന്നത്. കൂടാതെ, ഈ ദിവസം ഗംഗയെ ആരാധിക്കുന്നത് പാപങ്ങളിൽ നിന്ന് മോചനം നൽകാൻ സഹായിക്കുന്നുവെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.