ചെറുകോൽ : മാലിന്യ സംസ്കരണത്തിന് പുതിയ കാല്‍വെപ്പുമായി ചെറുകോൽഗ്രാമ പഞ്ചായത്ത് രംഗത്ത്. ഹരിത കർമസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷൻ വഴി പ്രവർത്തനം തുടങ്ങി. കെൽട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ലക്ഷ്യം സാധ്യമാക്കാന്‍ പോകുന്നത്. വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പൊതുവിവര ശേഖരണവും മാലിന്യ സംസ്കരണം, കൃഷി തുടങ്ങിയ മേഖലകളിലെയും വിശദാംശങ്ങൾ ശേഖരിക്കും. വീടുകളിൽ ക്യുആർ കോഡ് സേനാംഗങ്ങൾ പതിക്കും.
ആപ്ലിക്കേഷനിലൂടെ വീട്ടുകാർക്ക് പരാതികൾ അറിയിക്കാന്‍ ഹരിത കർമസേന പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാനുള്ള കസ്റ്റമർ ആപ്പും നൽകുന്നതാണ്. സേനാംഗങ്ങളായ പുഷ്പ, ശ്രീദേവി എന്നിവരുടെ നേതൃത്വത്തിൽ 3–ാം വാർഡിൽ ഇതിനകം പ്രവർത്തനം തുടങ്ങി. ആപ്ലിക്കേഷന്റെ പ്രവർത്തനോദ്ഘാടനം ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് നിർവഹിച്ചു. പഞ്ചായത്തംഗം ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീലേഖ, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പ, വിഇഒമാരായ സുമയ, പ്രമീള, നവകേരള കർമ പദ്ധതി ആർ.പി ഷൈനി, ആശിഷ് കുഞ്ഞുമോൻ, സൂരജ്, സുധീഷ് പങ്കെടുത്തു.