ചെന്നെ: കേരളത്തിൽ നിന്നും കൊണ്ടുപോയി തിരുനെൽവേലി ജില്ലയിൽ വിവിധയിടങ്ങളിലായി തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു. ആറ് ഇടങ്ങളിലായി തള്ളിയ മാലിന്യം ഇന്നലെ കേരളത്തിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള 70 അംഗ ഉദ്യോഗസ്ഥ സംഘം 16 ലോറികളുമായെത്തിയാണ് മാലിന്യം നീക്കം ചെയ്തത്. കേരളത്തിൽ നിന്ന് എത്തിച്ച 16 ലോറികൾ കൂടാതെ തമിഴ്നാട് 7 ലോറികൾ മാലിന്യനീക്കത്തിന് വിട്ടുനൽകി. മണ്ണുവാരി യന്ത്രം ഉപയോഗിച്ച് മാലിന്യം ലോറിയിലേക്കു മാറ്റി വലിയ ടാർപോളിൻ ഉപയോഗിച്ചു മൂടിയാണ് കൊണ്ടുപോയത്. അസിസ്റ്റന്‍റ് കളക്ടർ സാക്ഷി മോഹൻ മാലിന്യ നീക്കത്തിനു മേൽ നോട്ടം വഹിച്ചു. തമിഴ്നാട്ടിലെ ആരോഗ്യ, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. മാലിന്യം നീക്കം ചെയ്തത് ചീഫ് സെക്രട്ടറി ഹരിത ട്രിബ്യൂണലിനെയും അറിയിക്കും.
അതേസമയം, സംഭവത്തിൽ മലയാളിയുൾപ്പെടെ നാല് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ സ്വദേശിയും സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറുമായ നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരൈ, സദാനന്ദൻ എന്നിവരെയാണ് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം തള്ളിയ സംഭവത്തിൽ ഇതുവരെ ആറ് കേസുകൾ തമിഴ്നാട് പോലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് മാലിന്യനീക്കത്തിന് ക്ലീന്‍ കേരള കമ്പനിയെ ചുമതലപ്പെടുത്തിയത്. മാലിന്യത്തിൽ തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ പ്രതിഷേധം കനത്തതോടെ മൂന്ന് ദിവസത്തിനകം മാലിന്യം നീക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് പ്രതികൾ തിരുനെൽവേലിയിൽ കൊണ്ടുപോയി തള്ളിയത്.