തിരുവനന്തപുരം: മാലിന്യ മുക്ത നവ കേരളത്തിന്‍റെ ഭാഗമായി വാർഡ് തല ശുചീകരണവുമായി സിപിഎം. സംസ്ഥാനത്തെ എല്ലാ വാർഡുകളിലുമാണ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സിപിഎം ശുചീകരണം നടത്തുന്നത്. നാളെ സർക്കാർ തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. മാലിന്യ മുക്ത നവ കേരളത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ക്യാമ്പയിനുകളാണ് നടത്തിവരുന്നത്. ഈ ക്യാമ്പയിൻ ഏറ്റെടുത്തു കൊണ്ടാണ് സംസ്ഥാനത്തെ വാർഡ് തലങ്ങൾ ശുചീകരിക്കാനായി സിപിഎമ്മും പ്രവർത്തകരും ഇറങ്ങിയത്. എല്ലാ ജില്ലയിലെയും മുഴുവൻ വാർഡുകളുമാണ് ശുചീകരിക്കുന്നത്. ഏരിയ കമ്മിറ്റികളാണ് നേതൃത്വം നൽകുന്നത്. തിരുവനന്തപുരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് ചുക്കാൻ പിടിച്ചു.
സിപിഎം പ്രവർത്തകർ, ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് എന്നിവർ നഗരസഭ ജീവനക്കാർക്കൊപ്പമാണ് ശുചീകരണ യജ്ഞത്തിൽ പങ്കുചേർന്നത്. മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ ഖരമാലിന്യ മുക്തമാക്കാൻ വേണ്ടിയാണ്, കഴിഞ്ഞവർഷം ജൂലൈ 26ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ആരംഭിച്ചത്. തുടർന്ന് സംസ്ഥാനതല നിർവഹണ സമിതി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കോർ കമ്മറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടന്നത്.