കുളനട : കുളനട-ആറന്മുള റോഡരികിൽ ഉള്ളന്നൂർ ഭാഗത്ത് മാലിന്യം ഉപേക്ഷിക്കുന്നത് പതിവാണ്. യാത്രക്കാർക്കും നാട്ടുകാർക്കും സ്‌കൂൾ കുട്ടികൾക്കും നടക്കാനാകാത്ത അവസ്ഥയാണ് പലപ്പോഴും. കുളനട-ഉള്ളന്നൂർ റോഡിൽ പൈവഴി കവലയ്ക്കുസമീപം ആർ.ആർ.യു.പി.സ്‌കൂളിനു സമീപമാണ് കൂടുതൽ ദുരിതം. കുറച്ചുനാൾമുമ്പ് റോഡിൽ ഇരുനൂറ് മീറ്ററോളം ഭാഗത്താണ് അറവുശാലയിലെ മാലിന്യം അഴുകിയ വെള്ളം ഒഴുക്കിവിട്ടത്. ഒരു കിലോമീറ്റർ അകലെ നിൽക്കാൻപോലും കഴിയാത്തവിധമായിരുന്നു ദുർഗന്ധം പരന്നത്. പാടത്തിനുസമീപത്തേക്കും തോട്ടിലേക്കും മാലിന്യം തള്ളുന്നത് കർഷകരെയും ബുദ്ധിമുട്ടിക്കുന്നു.
ആളൊഴിഞ്ഞ സ്ഥലങ്ങൾ നോക്കിയാണ് മാലിന്യം സ്ഥിരമായി ഉപേക്ഷിക്കുന്നത്. പൈവഴി കവല കഴിഞ്ഞാൽ ആൾപ്പാർപ്പില്ലാത്ത സ്ഥലമാണ് പാടത്തിനരികിലായി ഉള്ളത്. ഇവിടെയാണ് സ്ഥിരമായി മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത്. കുട്ടികൾ സ്‌കൂൾ വിട്ട് ഇറങ്ങിവരുന്ന ഭാഗമാണ് ഇത്. പൂഴിക്കാട് ചിറമൂടി പാടശേഖരം ഇത്തരത്തിൽ മാലിന്യം ഒഴുക്കുന്ന പ്രധാന കേന്ദ്രമാണ്. സന്ധ്യകഴിഞ്ഞാൽ വിജനമായ ഭാഗമാണ് ചിറമുടിയും തോണ്ടുകണ്ടം ഭാഗവും. പന്തളം സി.എം.ആശുപത്രിക്ക് സമീപമുള്ള ആമപ്പുറം വയലിന് സമീപത്തും മാലിന്യം ഒഴുക്കുന്നുണ്ട്. കുളനട ഭാഗത്ത് മാന്തുക ഒന്നാംപുഞ്ച, രണ്ടാംപുഞ്ച എന്നിവിടങ്ങളിലും ഐരാണിക്കുടി പാലത്തിനു സമീപത്തുമെല്ലാം ഇത്തരത്തിൽ മാലിന്യം ഉപേക്ഷിക്കുക പതിവാണ്.