റാന്നി: ഒരു ഇടവേളക്ക് ശേഷം വീണ്ടും കരികുളം സംരക്ഷിത വനമേഖലയിൽ മാലിന്യം കുന്നുകൂടുന്നു. കവറുകളിലും ചാക്കുകളിലും കെട്ടിയാണ് ആളുകൾ വനത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത്. ഇത് റോഡിലും വനത്തിലുമായി ചിതറി വീണ് കിടക്കുകയാണ്. മഴയത്ത് മാലിന്യ കൂമ്പാരത്തില്‍ നിന്നും അവശിഷ്ടങ്ങള്‍ ഒഴുകി ജലാശയങ്ങളിലേക്ക് എത്തിച്ചേരുകയാണ്. ഇത് കുടിവെള്ളത്തില്‍ കലര്‍ന്ന് ജലജന്യരോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്ന് ആശങ്കയുണ്ട്. അത്തിക്കയം – റാന്നി റോഡിലെ കരികുളം ഫോറസ്റ്റ് ഓഫീസിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സംരക്ഷിത വനമേഖലയിലാണ് ആളുകൾ ഇത്തരത്തിൽ മാലിന്യം തള്ളുന്നത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുറമെ ദൂര ദേശങ്ങളിൽ നിന്നും ഉൾപ്പെടെ ആളുകൾ മാലിന്യം നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു.
മാലിന്യ പ്രശ്‍നം രൂക്ഷമായതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇരു വശങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കൂടാതെ ക്യാമറ നിലവിൽ മരത്തിൽ കെട്ടിവെച്ച സ്ഥിതിയിലുമാണ്. വലിച്ചെറിയുന്ന മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കും ഭക്ഷണ അവശിഷ്ടങ്ങളും കുട്ടികളുടെ പാമ്പർ പോലുള്ള ദുർഗന്ധം വമിക്കുന്ന പലതുമുണ്ടാകും. ഇവ നായ്ക്കൾ ഉൾപ്പടെയുള്ള ജീവികൾ റോഡിലേക്ക് വലിച്ചിഴക്കുന്നതും പതിവാണ്. മഴയുള്ള സമയങ്ങളിലും രാവിലെയും മറ്റും മഞ്ഞുമൂടിയ ഈ പ്രകൃതി രമണീയമായ സ്ഥലം നിരവധിപേർ സന്ദർശിക്കാറുണ്ട്. എന്നാൽ സാമൂഹിക വിരുദ്ധരുടെ ഇത്തരം പ്രവർത്തി കാരണം പ്രദേശം കൂടുതൽ മലിനമാകുകയാണ്. പ്രദേശത്ത് കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നടപടികളെടുക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.