പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കിടയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിനായി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ച് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. സ്കൂൾ കുട്ടികളിൽ ശുചിത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുതലത്തിലും നഗരസഭതലത്തിലും ജില്ലാ ശുചിത്വ മിഷൻ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. പരിപാടി സംഘടിപ്പിച്ച എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ ചിത്രപ്രദർശനത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഒരു പഠന വേദിയാക്കി മാറ്റി. 2024 സ്വച്ഛതാ ഹി സേവ (എസ്എച്ച്എസ് 2024) ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്ര രചന മത്സരത്തിലൂടെ ലഭിച്ച കുട്ടികളുടെ രചനകളാണ് പ്രദർശനത്തിന് എത്തിക്കുന്നത്.
പത്തനംതിട്ട നഗരസഭാ തല ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം മാർത്തോമ എച്ച്എസ്എസ്സിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത് കുമാർ നിർവഹിച്ചു. കെഎസ്ഡബ്ല്യു എംപിയെ (കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്) പ്രതിനിധീകരിച്ച് പത്തനംതിട്ട നഗരസഭ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയർ എ കെ അനില, ശുചിത്വ മിഷൻ റിസോഴ്‍സ് പേഴ്‍സണായ അശ്വതി, പത്തനംതിട്ട നഗരസഭ യെങ് പ്രൊഫഷണൽ എച്ച് ഋതുപർണ്ണ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള ആണ് ഇവന്റ് കൺവീനർ.