ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസവും മുന്‍ ലോക ചാമ്പ്യനുമായ ഗാരി കാസ്പറോവ്. ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഏറ്റവും മികച്ച ചെസ്സ് കളിക്കാരന് താനാണെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രചാരണ വീഡിയോയില്‍ പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ചെസ് കളിക്കാരനായി കാസ്പറോവിനേയും അദ്ദേഹം തിരഞ്ഞെടുത്തിരുന്നു. ഇതിനിടെ കാസ്പറോവിന്റെപേജില് വന്ന ഒരു കമന്റിന് അദ്ദേഹം നല്കിയ മറുപടി വൈറലായി. ഒന്നാം സ്ഥാനത്തിനായി വെല്ലുവിളിക്കുന്നതിന് മുമ്പ് ആദ്യം റായ്ബറേലിയില്‍ ജയിക്കൂ എന്നായിരുന്നു കാസ്പറോവിന്റെ എക്സിലെ പ്രതികരണം.
ബിജെപി ഹാന്‍ഡിലുകള്‍ ഇത് ഏറ്റെടുത്ത് രാഹുലിനെതിരെ ആയുധമാക്കിയതിന് പിന്നാലെ കാസ്പറോവ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പോസ്റ്റ് ഒരു തമാശ മാത്രമായിരുന്നെന്നും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിലൂടെ പറഞ്ഞു. അതേ സമയം ഒരു രാഷ്ട്രീയക്കാരന് എന്റെ പ്രിയപ്പെട്ട കളിയില്‍ മുഴുകുന്നത് കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്ഥമായി കോണ്‍ഗ്രസ് അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാഹുല്‍ ഗാന്ധി മൊബൈലില്‍ ചെസ് കളിക്കുന്നത് കാണാമായിരുന്നു. കാസ്പറോവാണ് തന്റെ ഇഷ്ട ചെസ് താരമെന്നും അദ്ദേഹം ഒരു നോണ്‍ ലീനിയര്‍ തിങ്കറാണെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്.