പന്തളം: മെഡിക്കള്‍ മിഷന്‍ ജംഗ്ഷനിലെ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹൈദരാബാദ് സ്വദേശികളായ സിറാജ്, സല്‍മാന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അപകടത്തില്‍ കട ഭാഗികമായി കത്തി നശിച്ചു. ഫലക്ക് മജ്ലിസ് ഹോട്ടലിലെ രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കുന്നവരുടെ തിരക്കുള്ള സമയത്താണ് സംഭവമുണ്ടായത്.
ജീവനക്കാരും ഹോട്ടലിലെത്തിയവരും പുറത്തേക്കോടിയതിനാലാണ് വന്‍ അപകടമുണ്ടാവാതിരുന്നത്. അടൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഫയര്‍ഫോഴ്സെത്തിയാണ് ജീനവക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും അപകട സ്ഥലത്ത് നിന്ന് മാറ്റിയത്. പരുക്കേറ്റവര്‍ പന്തളത്തെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.