ലഖ്നൗ : ഉത്തർ പ്രദേശ് കാൺപൂരിൽ റെയിൽവേ ട്രാക്കിൽ നിന്ന് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ റെയിൽ വേ പ്രൊട്ടക്ഷൻ ഫോഴ്സും പോലീസും പരിശോധന നടത്തി വരികയാണ്. ഡൽഹി-ഹൗറ റെയിൽ പാതയിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കാൺപൂരിൽ നിന്ന് ലൂപ്പ് ലൈൻ വഴി പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിലെ ലോക്കോ പൈലറ്റ് ട്രാക്കിന് നടുവിൽ ചെറിയ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഗ്യാസ് സിലിണ്ടറും ഇരുമ്പ് ദണ്ഡുകളും ഉൾപ്പെടെ വിവിധ സാധനങ്ങൾ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കാൺപൂരിൽ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. സിലിണ്ടർ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. ട്രെയിന്‍ സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സിലിണ്ടറില്‍ തട്ടി അല്‍പസമയത്തിനു ശേഷം ട്രെയിന്‍ നില്‍ക്കുകയും ചെയ്തിരുന്നു. സംഭസ്ഥലത്ത് നിന്ന് പെട്രോൾ, ബോംബ്, സ്ഫോടക വസ്തുക്കളോട് സാമ്യമുള്ള പൊടി നിറച്ച പലഹാരങ്ങൾ അടങ്ങിയ ബാഗ്, തീപ്പെട്ടി എന്നിവയും കണ്ടെടുത്തു.