സെമ്മൻകുപ്പം: കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പർക്ക് സസ്പെൻഷൻ. ഇന്ന് രാവിലെ തമിഴ്നാട്ടിലെ കടലൂരിലുണ്ടായ അപകടത്തിലാണ് ഗേറ്റ് കീപ്പർക്കെതിരെ നടപടിയെടുത്തത്. കടലൂരിനും ആളപ്പാക്കത്തിനും ഇടയിലുള്ള റെയിൽവേ ഗേറ്റ് നമ്പർ 170ലൂടെ പോയ സ്കൂൾ വാനിനെയാണ് വില്ലുപുരം മയിലാടുംതുറൈ പാസഞ്ചർ ഇടിച്ച് തെറിപ്പിച്ചത്. രാവിലെ 7.45ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശവാസികൾ ഗേറ്റ് കീപ്പറെ മർദ്ദിച്ചിരുന്നു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ലെവൽ ക്രോസിൽ ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്ന് പോയതാണ് സംഭവം എന്നായിരുന്നു റെയിൽവേ വൃത്തങ്ങളുടെ ആദ്യം പ്രതികരണം.
പിന്നീട് വാൻ ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയിൽവേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിൻ വരും മുൻപ് വാൻ കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ഗേറ്റ് അടയ്ക്കാൻ വൈകിയത് വാൻ ഡ്രൈവർ നിർബന്ധിച്ചതിനാലാണെന്ന് റെയിൽവേ അധികൃതര്‍ വാദിക്കുന്നു. റെയിൽ വേ ഗേറ്റ് അടയ്ക്കേണ്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ ദേശീയമാധ്യമങ്ങളോട് വിശദമാക്കിയത്. എന്നാൽ ഗേറ്റ് അടയ്ക്കാനൊരുങ്ങുന്നതിനിടയിൽ വാൻ ഡ്രൈവർ നിർബന്ധം പിടിച്ച് വാഹനവുമായി ഗേറ്റ് കടന്ന് പോയതായാണ് റെയിൽവേയുടെ പ്രാഥമിക അന്വേഷണത്തിൽ വിശദമാക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ആറോളം വിദ്യാർത്ഥികളെ കടലൂരിലെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രദേശവാസിയായ അണ്ണാദുരൈ എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്.