ഗവിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനത്തിന് വിലക്ക്. പത്തനംതിട്ട ജില്ലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഗവിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം. വനമേഖലകളിലെ കനത്ത മഴയും ഗവിക്ക് സമീപ പ്രദേങ്ങളിലെ ഉൾവനത്തിലുണ്ടായ ഉരുൾപൊട്ടലും മൂലമാണ് ഗവി യാത്രയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. ഗവിയിലേക്കുള്ള റോഡിൽ ഉണ്ടായിട്ടുള്ള മാർഗ്ഗ തടസ്സം നീക്കിവുന്നതായും കലക്ടർ അറിയിച്ചിട്ടുണ്ട്. മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു വെള്ളിയാഴ്ച വൈകുന്നേരം റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നും ജലനിരപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രിതമായ തോതിൽ ജലം പുറത്തേക്കു വിടുന്നതായിരിക്കുമെന്നും കളക്ടറിന്റെ അറിയിപ്പിൽ പറയുന്നു.
പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ ഗവി കേരളത്തിലെ തന്നെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കേട്ടറിഞ്ഞ് വിദേശത്തു നിന്നുപോലും സഞ്ചാരികളെത്തുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ജൈവവൈവിധ്യവും പ്രകൃതി മനോഹരവുമായ കാഴ്ചകളാണ് ഗവിയുടെ ആകർഷണം. ഗവിയില്‍ വന്നുള്ള കാഴ്ചകളേക്കാൾ ഗവിയിലേക്കുള്ള യാത്രയാണ് ആസ്വദിക്കാനുള്ളത്. പത്തനംതിട്ട- ആങ്ങാമൂഴി വഴിയാണ് ഇവിടേക്ക് എത്തേണ്ടത്. പത്തനംതിട്ട-ഗവി-കുമളി- റോഡിൽ സർവീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് സർവീസ് വഴിയും ഗവി കാണാനെത്താം. കെ എസ്ർ ആര്‍ ടി സി ബജറ്റ് ടൂറിസം സെൽ വിവിധ ഡിപ്പോകളിൽ നിന്നും നടത്തുന്ന ബജറ്റ് ടൂറിസം സെൽ യാത്രകളാണ് ഗവിയെ മലയാളികൾക്കിടയിൽ ഇപ്പോഴും ഹിറ്റായി നിർത്തുവാൻ കാരണം. നൂറുകണക്കിന് യാത്രകൾ ഇതിനോടകം ഗവിയിലേക്ക് കെഎസ്ആർടിസി നടത്തിക്കഴിഞ്ഞു.