ഖാൻ യൂനിസ്: “വീട്ടിൽ പതിനൊന്നുപേരുണ്ട്. നാലുകുട്ടികൾ. വെള്ളിയാഴ്ച ആകെ കിട്ടിയത് ഒരു പ്ലേറ്റ് ചോറും ടിന്നിലടച്ച പയറും മാത്രം. യുദ്ധത്തിനുമുൻപ് പുണ്യദിനമായ വെള്ളിയാഴ്ചകളിൽ പൊതുവേ നിറച്ച പച്ചക്കറിയും ഇറച്ചിവിഭവങ്ങളുമെല്ലാം കൊണ്ട് തീൻമേശ നിറയുമായിരുന്നു. യുദ്ധം ഞങ്ങളുടെ ജീവിതം നശിപ്പിച്ചു” -ഇതുപറയുമ്പോൾ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള അഭയാർഥിക്യാമ്പിൽ പാർക്കുന്ന അൽ നജ്ജാർ വിതുമ്പി. അതിനുതലേന്ന് പുഴുങ്ങിയ കാരറ്റും പയറുമെങ്കിലും കുട്ടികൾക്ക് നൽകാൻ കഴിഞ്ഞിരുന്നത്രേ. ഭക്ഷണമുൾപ്പെടെ ഗാസയിലേക്കുള്ള എല്ലാ സഹായവും ഇസ്രയേൽ തടയുന്നത് രണ്ടുമാസം പിന്നിടവെ മുനമ്പിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി. ഇന്ധനവും അവശ്യമരുന്നുകളും എങ്ങുംകിട്ടാനില്ല.
റൊട്ടിയും കിട്ടാക്കനിയായി. സ്റ്റോക്ക് തീർന്നതോടെ സന്നദ്ധസംഘടനകളുടെ അടുക്കളകളിൽ പലതും ഭക്ഷണം പാകംചെയ്ത് എത്തിക്കുന്നത് അവസാനിപ്പിച്ചു. തുറന്നുപ്രവർത്തിക്കുന്ന ചുരുക്കം ചില കടകളിൽ ഒരു കിലോ തക്കാളിക്കുപോലും 14 ഡോളർ(1195 രൂപയോളം) നൽകണം. ടിന്നിലടച്ച പച്ചക്കറികളും പയറുവർഗങ്ങളും ചുരുക്കം ചില അഭയാർഥിക്യാമ്പുകളിലെത്തുന്നുണ്ട്. മുട്ട, പച്ചക്കറി തുടങ്ങി പോഷകമുള്ള ഒന്നുംതന്നെ യുദ്ധം തുടങ്ങിയശേഷം കുഞ്ഞുങ്ങൾക്ക് നൽകാനായിട്ടില്ലെന്ന് സങ്കടംപറയുന്നു ചിലർ. മാർച്ചിൽ മാത്രം 3700 കുട്ടികളിൽ കടുത്ത പോഷകാഹാരക്കുറവ് കണ്ടെത്തി. ഫെബ്രുവരിയിലേതിനെക്കാൾ 80 ശതമാനം വർധന. യുഎസ് നിർദേശിച്ച വെടിനിർത്തലിന് ഹമാസ് സമ്മതിച്ചില്ലെന്നാരോപിച്ച് മാർച്ച് രണ്ടിനാണ് ഇസ്രയേൽ ഗാസയ്ക്കുമേൽ ഉപരോധമേർപ്പെടുത്തിയത്.
മാർച്ച് 18-ന് യുദ്ധം പുനരാരംഭിക്കുകയും ചെയ്തു. ബന്ദികളെ വിട്ടുകിട്ടാൻ ഇത്തരം കടുത്തനടപടി കൂടിയേതീരൂവെന്നാണ് ഇസ്രയേൽ നിലപാട്. ഹമാസിനെതിരേ ഇസ്രയേൽ പട്ടിണി യുദ്ധതന്ത്രമായി പ്രയോഗിക്കുകയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും സന്നദ്ധസംഘടനകൾ ആരോപിച്ചു. റാഫയിലെ ചാരിറ്റി കിച്ചണടക്കം തങ്ങൾ ഭക്ഷണസാമഗ്രികളെത്തിക്കുന്ന 47 അടുക്കളയിലേക്കും അവസാന സ്റ്റോക്കും നൽകിയെന്ന് ആഗോള ഭക്ഷ്യ പദ്ധതി (ഡബ്ല്യുഎഫ്പി) അറിയിച്ചു. ഇവയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും പറഞ്ഞു.