തിരുവനന്തപുരം :സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ പരോക്ഷമായി വിമർശിച്ച് യാക്കോബായ നിരണം ഭദ്രസനാധിപന്‍ ഗീവർഗീസ് മാർ കൂറിലോസ്. മുസ്‍ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. മതനിരപേക്ഷ നിലപാട് ഉയർത്തി പിടിച്ചിട്ടുള്ള പാർട്ടിയാണ് ലീഗ്. തെരഞ്ഞെടുപ്പ് ജയത്തിനായി വർഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാർ കൂറിലോസിന്‍റെ വിമർശനം.
മുന്നാക്ക സംവരണ വിഷയത്തിൽ മുസ്‌ലിം ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് എ വിജയരാഘവൻ ആരോപിച്ചിരുന്നു. കോൺഗ്രസും ഈ നയത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ് നേതാക്കൾ പ്രഖ്യാപിച്ചത്. യുഡിഎഫ് പ്രകടനപത്രികയിൽ അങ്ങനെ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാൽ വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി.
മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിൽ ഉണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. യുഡിഎഫിന്‍റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്‌ദിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ നീക്കുപോക്കിനെയും എ വിജയരാഘവൻ ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.