പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് വിഷയത്തില്‍ കുറ്റവാളികളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് സഹകരണ വകുപ്പാണെന്ന് മുന്‍ ഭരണസമിതി അംഗം ഗീവര്‍ഗീസ് തറയില്‍. ഏറ്റവും വലിയ കുറ്റവാളിയെ സംരക്ഷിച്ച ആള്‍ പ്രമോഷനായി ഇവിടെനിന്നും പോയി. ചുവന്ന കൊടിയുമായി നടക്കുന്ന പാര്‍ട്ടി അവരെ സംരക്ഷിച്ച് പ്രമോഷന്‍ കൊടുത്ത് ഇവിടെനിന്നും പറഞ്ഞുവിട്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മീഡിയാക്ക് നല്‍കിയ പ്രത്യേക ഇന്റര്‍വ്യൂവിലാണ് ഗീവര്‍ഗീസ് തറയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മൈലപ്ര ബാങ്ക് വിഷയത്തില്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും കുടുങ്ങുമെന്ന് പത്തനംതിട്ട മീഡിയ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ മുന്‍ ഭരണസമിതി അംഗത്തിന്റെയും വെളിപ്പെടുത്തല്‍.
മൈലപ്ര സഹകരണ ബാങ്ക് വിഷയത്തില്‍ ഭരണസമിതിയെയും സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യുവിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി വര്‍ഷങ്ങളായി ഒറ്റയാള്‍ പോരാട്ടം നടത്തുന്നയാളാണ് മൈലപ്ര പള്ളിപ്പടിയിലെ വ്യാപാരികൂടിയായ ഗീവര്‍ഗീസ് തറയില്‍. ബാങ്കിനെതിരെ താന്‍ ആരോപിച്ച 10 കാര്യങ്ങളും ശരിയാണെന്ന് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ഇതുകൂടാതെ രണ്ടു കാര്യങ്ങള്‍ അവരും കണ്ടുപിടിച്ചിട്ടുണ്ട്. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം കൊണ്ടുപോയവരെ കണ്ടുപിടിക്കണം. മുഴുവന്‍ നിക്ഷേപകരുടെയും പണം തിരികെ ലഭിക്കണമെന്നും അതിനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും ഗീവര്‍ഗീസ് തറയില്‍ പറഞ്ഞു. മൈലപ്ര ബാങ്കിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട തെളിവുകളും ആവശ്യമായ രേഖകളുമായി താന്‍ പത്രം ഓഫീസുകളും ചാനലുകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് കയറിയിറങ്ങിയിരുന്നു. എന്നാല്‍ അന്ന് ഇതാരും ഗൌനിച്ചില്ല, വാര്‍ത്തയാക്കിയുമില്ല. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തക്ക് വേണ്ടി തന്റെ ഓഫീസില്‍ കയറിയിറങ്ങുകയാണ് പത്രക്കാര്‍ എന്നും ഗീവര്‍ഗീസ് പറഞ്ഞു.
മൈലപ്ര ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും അതില്‍ പങ്കാളികളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഈ ബാങ്കില്‍ കണ്‍കറന്റ് ഓഡിറ്റര്‍ ഉണ്ടെന്നിരിക്കെ ആ തസ്തികയില്‍ ജോലിക്കെത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ട്. കാലാകാലങ്ങളില്‍ പരിശോധന നടത്തിയവര്‍ക്കും രക്ഷപെടാന്‍ കഴിയില്ല. സഹകരണ വകുപ്പ് ജീവനക്കാര്‍ ബാങ്ക് സെക്രട്ടറി ആയിരുന്ന ജോഷ്വാ മാത്യു ഉള്‍പ്പെടെയുള്ള ചില ജീവനക്കാരെ സംരക്ഷിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രബല സംഘടനയുടെ സംസ്ഥാന നേതാവ് കൂടിയാണ് ജോഷ്വാ മാത്യു. കൂടാതെ ഓര്‍ത്തോഡോക്സ് സഭയിലെ പ്രധാനിയുമാണ്. ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ജോഷ്വാ മാത്യുവിന് വര്‍ഷങ്ങളായി ലഭിച്ചിരുന്നു എന്നുവേണം കരുതാന്‍.
സഹകരണ ബാങ്കുകളിലെ ജീവനക്കാരോട് പ്രത്യേക മമത എപ്പോഴും വെച്ചുപുലര്‍ത്തുന്നവരാണ് സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിന് പ്രത്യേക കാരണങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ സംഘടനാ നേതാവായ ജോഷ്വാ മാത്യുവിനെതിരെ പിണക്കാന്‍ ആരും മുതിരില്ല. ജോഷ്വാ മാത്യുവിനെതിരെ നടപടിയെടുത്താല്‍ മിക്ക സഹകരണ ബാങ്കുകളില്‍ നിന്നും തങ്ങള്‍ക്ക് വ്യക്തിപരമായ തിരിച്ചടികളും നഷ്ടങ്ങളും ഉണ്ടാകുമെന്ന് സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി അറിയാം. ഇപ്പോള്‍ മൈലപ്രയിലും സംഭവിക്കുന്നത് അതാണ്. ഗോതമ്പ് സ്റ്റോക്കില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്ന് കൊട്ടിഘോഷിക്കുമ്പോഴും ജോഷ്വാ മാത്യുവിനെതിരെയല്ല നടപടി, പകരം ഭരണസമിതിയെ കുറ്റക്കാരാക്കി പിരിച്ചുവിടാനാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ നീക്കം നടത്തുന്നത്. ഇതില്‍ പല നിഗൂഡ രഹസ്യങ്ങളും ഒളിഞ്ഞിരുപ്പുണ്ട്. ഹൈക്കോടതിയില്‍ കേസ് എത്തുന്നതോടെ മൈലപ്രാ ബാങ്ക് വിഷയത്തില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കും വെളിച്ചത്തുവരും. >>> തുടരും ….