തച്ചമ്പാറ: നാലുമാസം മുമ്പ് ബി.ജെ.പി അംഗത്വം സ്വീകരിച്ച ജോർജ് തച്ചമ്പാറയും 110 ഓളം സഹപ്രവർത്തകരും പാർട്ടിയിൽനിന്ന് രാജിവെച്ചു. തന്റെ മുഖപുസ്തകത്തിലാണ് ബി.ജെ.പി പ്രാഥമികാംഗത്വം രാജിവെച്ചതായി പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിയുമായി യോജിച്ച് പോവുന്നതിന് പറ്റാതായതോടെയാണ് രാജിവെക്കുന്നതെന്ന് ജോർജ് പറഞ്ഞു. സ്വതന്ത്ര നയനിലപാടുകളുമായി മാറിനിൽക്കും. ഒപ്പമുള്ള പ്രവർത്തകരോട് കൂടിയാലോചിച്ച് ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല കൗൺസിൽ അംഗവും തച്ചമ്പാറ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ജോർജ് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചാണ് ബി.ജെ.പിയിൽ ചേർന്നിരുന്നത്.
ജോർജിനോട് അടുപ്പമുള്ള 15ഓളം പേരും അന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. തച്ചമ്പാറ പഞ്ചായത്തിലെ സി.പി.ഐ ആക്കം ചോല ബ്രാഞ്ച് സെക്രട്ടറി ടോമി പഴുക്കുടിയിൽ, സി.പി.ഐ മുതുകുർശ്ശി ബ്രാഞ്ച് സെക്രട്ടറി ശങ്കരനാരായണൻ, കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റി അംഗം മോനി, സി.പി.ഐ പാർട്ടി അംഗമായ വാപ്പുട്ടി, കോൺഗ്രസ് പ്രവർത്തകനായ രാമൻകുട്ടി, സി.പി.എം പ്രവർത്തകനായ പാലക്കയം ഷാജി എന്നിവരുൾപ്പെടെ 15 പേരാണ് പാലക്കാട്ടെ ബി.ജെ.പി ആസ്ഥാനത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിൽനിന്ന് ജൂലൈ നാലിന് അംഗത്വം സ്വീകരിച്ചിരുന്നത്. ഇവരടക്കം ഈയിടെ ഇവരുടെ ശ്രമഫലമായി ബി.ജെ.പിയിൽ അംഗത്വം നേടിയവരും ബി.ജെ.പി വിട്ടതായി ഇദ്ദേഹം അവകാശപ്പെട്ടു.
2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട്ട് ബ്ലോക്ക് പഞ്ചായത്തിലെ പാലക്കയം ഡിവിഷനിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ജോർജ് വിജയിച്ചിരുന്നു. 2015ൽ സ്വതന്ത്രനായി മത്സരിച്ചു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐയെ പ്രതിനിധീകരിച്ച് ജനവിധി തേടി വിജയിച്ചിരുന്നു. കഴിഞ്ഞ തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മുണ്ടമ്പലം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നൗഷാദ് ബാബുവിനെ മത്സരിച്ച് ജോർജ് തച്ചമ്പാറ തോറ്റിരുന്നു. അതേസമയം വരാനിരിക്കുന്ന കോഴിയോട് വാർഡ് ഉപതെരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുള്ള കരുനീക്കമാണ് ജോർജ് ആരംഭിച്ചിട്ടുള്ളതെന്ന സൂചനയുണ്ട്. അതിനിടെ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് മെംബർ സ്ഥാനവും മറ്റു പാർട്ടി സ്ഥാനങ്ങളും രാജിവെച്ച് ബി.ജെ.പിയിലേക്ക് സ്വയം വന്ന ജോർജിന് പാർട്ടി അർഹിക്കുന്ന മാന്യതയും പരിഗണനയും
നൽകിയിരുന്നതായി ബി.ജെ.പി കരിമ്പ മണ്ഡലം കമ്മിറ്റി പത്രക്കുറുപ്പിൽ ചൂണ്ടിക്കാട്ടി. തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കി പാർട്ടി പൂർണ പിന്തുണ നൽകിയിരുന്നു. സ്ഥിരമായി രാഷ്ട്രീയ നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുന്ന പതിവ് ഇനി ആവർത്തിക്കില്ലെന്ന് വിശ്വാസത്തിലാണ് ഭാരതീയ ജനത പാർട്ടി അദ്ദേഹത്തെ പ്രാഥമിക അംഗത്വം നൽകി സ്വീകരിച്ചത്. ഒരുപൊതു പ്രവർത്തകന്റെ വിശ്വാസ്യത ലംഘിച്ചു കൊണ്ടാണ് തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി വീണ്ടും അദ്ദേഹം നിലപാട് മാറ്റിയിരിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.