ഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഔചിത്യം, രാഷ്ട്രീയ പ്രസംഗം, നിയമ വ്യവസ്ഥ എന്നിവ സംബന്ധിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ‘സവര്‍ക്കറിനെപോലെയുള്ള ആളുകളുടെ സംഭാവനകളെ കുറിച്ച് എന്തെങ്കിലും നിങ്ങള്‍ക്ക് അറിയുമോ? കുതിരപ്പന്തയത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയത് കഴുതയെയാണ്.’ – മന്ത്രി പറഞ്ഞു
നിങ്ങള്‍ എന്താണ് എന്നത് നോക്കിയാണ് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കുന്നത്. കോടതിയിലെ തീരുമാനത്തിനെതിരെ കോടതിയിലാണ് പോരാടേണ്ടതെന്നും ഹര്‍ദീപ് പുരി പറഞ്ഞു. അതേസമയം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മാലേഗാവില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ രാഹുലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചു. രാഹുല്‍ സവര്‍ക്കറെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് താക്കറെ മുന്നറിയിപ്പ് നല്‍കി.’വീര്‍ സവര്‍ക്കര്‍ ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ലെന്നും ഞാന്‍ രാഹുലിനോട് പരസ്യമായി പറയുന്നുണ്ട്. ഞങ്ങള്‍ പോരാടാന്‍ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്ന കാര്യമല്ല, താക്കറെ പറഞ്ഞു.