ഗാസിയാബാദ്: പോലീസ് കോൺസ്റ്റബിൾ വെടിയേറ്റു മരിച്ചതിന് പിന്നാലെ വിജനമായി ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ നഹൽ ഗ്രാമം. 400ലധികം കുടുംബങ്ങളാണ് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തത്. ഞായറാഴ്ച രാത്രി നടന്ന റെയ്ഡിനിടെ നോയിഡയിൽ നിന്നുള്ള ഒരു പോലീസ് കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചിരുന്നു. സംഭവം നടന്ന് 48 മണിക്കൂറുകൾക്കുള്ളിലാണ് ഗ്രാമവാസികൾ നാട് വിട്ടത്. പോലീസ് നടപടി ഭയന്ന് നിരവധി കുടുംബങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, പലായനം ചെയ്തതായി ഗ്രാമത്തലവൻ പറഞ്ഞു. ദേശീയപാത 9 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ, അപ്പർ ഗംഗാ കനാലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നഹലിൽ 15,000-20,000 ആളുകൾ താമസിക്കുന്നുണ്ട്. പ്രധാനമായും മുസ്‍ലിംകളാണ് ഇവിടെയുള്ളത്.
ഞായറാഴ്ച രാത്രി 11 മണിയോടെ, ഗ്രാമം അക്രമാസക്തമായ ഒരു ഏറ്റുമുട്ടലിന് സാക്ഷിയായിരുന്നു. നോയിഡ പോലീസ് നടത്തിയ റെയ്ഡിനിടെ കോൺസ്റ്റബിൾ സൗരഭ് കുമാറിന്‍റെ തലയ്ക്ക് വെടിയേറ്റു. പോലീസിന്‍റെ നോട്ടപ്പുള്ളിയായിരുന്ന 22കാരനായ ഖാദിറിനെ അറസ്റ്റ് ചെയ്യാൻ നോയിഡയിലെ ഫേസ് 3 പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് സംഘം നടത്തിയ റെയ്ഡിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. മൂന്നാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട കാർ മ്യൂസിക് സിസ്റ്റങ്ങളും മറ്റ് ഓട്ടോ പാർട്‌സുകളും ഉൾപ്പെട്ട ഒരു മോഷണക്കേസിലെ പ്രതിയായിരുന്നു ഖാദിര്‍. ഖാദിർ അറസ്റ്റിലായപ്പോൾ അയാളുടെ അനുയായികൾ സംഘത്തിന് നേരെ വെടിയുതിർത്തതായി പോലീസ് പറഞ്ഞു.