ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ഇ-ലേലത്തിന്. സമീപകാലത്ത് മോദിക്ക് സമ്മാനിച്ച നിരവധി സമ്മാനങ്ങളും മൊമന്‍റോകളും ഡല്‍ഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിൽ നടന്ന പ്രദർശനത്തിന്‍റെ ഭാഗമായി പ്രദർശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബർ 31ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. “ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും കലാപരമായ പൈതൃകത്തിന്‍റെയും തെളിവാണ്” ഇതെന്ന് പ്രദര്‍ശനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
100 രൂപ മുതലുള്ള ഉപഹാരങ്ങള്‍ ലേലത്തില്‍ ലഭ്യമാണ്. ബനാറസ് ഘട്ടിന്‍റെ പെയിന്‍റിംഗിനാണ് ഏറ്റവും ഉയര്‍ന്ന വില, 64,80,000 രൂപയാണ് ഇതിന്‍റെ വില. 900 പെയിന്‍റിംഗുകൾ, തദ്ദേശീയ കരകൗശല വസ്തുക്കൾ, സങ്കീർണമായ ശിൽപങ്ങൾ, ആകർഷകമായ നാടൻ വസ്തുക്കൾ എന്നിങ്ങനെ നിരവധിയുണ്ട്. മറ്റ് സമ്മാനങ്ങള്‍ക്ക് 100 രൂപ മുതൽ 64 ലക്ഷം രൂപ വരെ വിലയുണ്ട്. ഇതിൽ 150 എണ്ണം ദേശീയ തലസ്ഥാനത്തെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവ pmmementos.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.