പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിലെ ബോട്ടണി വകുപ്പിന്റെ വരാന്തയിൽനിന്ന് താഴേക്ക് നോക്കിയാൽ ഇടതൂർന്ന് നിൽക്കുന്ന ഒരു ഇഞ്ചിവനം കാണാം. ഇഞ്ചി കൃഷിയിടങ്ങൾ നാട്ടിടങ്ങളിൽ ആവോളമുണ്ടെങ്കിലും കാതോലിക്കേറ്റ് കോളേജിലെ ഈ ജിഞ്ചർ ഹൗസിൽ 200-ലധികം ഇനം ഇഞ്ചികളുടെ ആയിരത്തിലേറെ ചെടികളാണ് മത്സരിച്ചുവളരുന്നത്. ഇഞ്ചി, ഏലം, ചുവന്ന ഇഞ്ചി, കൂവ, കച്ചോലം തുടങ്ങി കൺവെട്ടത്തെ ഇഞ്ചി ഇനങ്ങൾ മുതൽ നാഗാലാൻഡിലെയും സിക്കിമിലെയും വൈവിധ്യ ഇനങ്ങൾവരെ ഇവിടെയുണ്ട്.
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പദ്ധതിയുടെ ഭാഗമായി 2018-ലാണ് കോളേജിൽ ജിഞ്ചർ ഹൗസ് സജ്ജമാകുന്നത്. അതിനുള്ള ഒരുക്കങ്ങൾ രണ്ട് വർഷം മുമ്പേ തുടങ്ങിയിരുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇഞ്ചിയുടെ കുടുംബത്തിൽ ഉൾപ്പെട്ട ഏതാണ്ട് എല്ലാ ഇനങ്ങളെയും കോളേജ് വളപ്പിലെത്തിച്ച് വേരുറപ്പിച്ചതിന് പിന്നിലെ അധ്വാനം ചെറുതായിരുന്നില്ല. നിലവിൽ കോഴിക്കോട്ടെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ കഴിഞ്ഞാൽ കേരളത്തിൽ ഇഞ്ചി വർഗത്തിലെ ഏറ്റവും കൂടുതൽ സസ്യങ്ങളുള്ളത് ഇവിടെയാണ്. ആൻഡമാൻ ദ്വീപസമൂഹങ്ങൾ, അഗസ്ത്യമല എന്നിവിടങ്ങളിൽനിന്ന് കോളേജിലെ ഗവേഷകർ കണ്ടെത്തിയ ഇഞ്ചിയിനങ്ങൾക്ക് പേരുനൽകിയും ഇവിടെ സംരക്ഷിക്കുന്നുണ്ട്.
അമോമം ആൻഡമാനിക്കം, അമോമം സഹ്യാദ്രികം എന്നീ ഇഞ്ചിയിനങ്ങൾ ഇത്തരത്തിലുള്ളവയാണ്. വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പിന്റെയും ആദിവാസികളുടെയും സഹായത്തോടെയാണ് ലോകത്തിന് അപരിചിതമായ അതുവരെ പേരില്ലാതിരുന്ന ഇത്തരം പുതിയ ഇഞ്ചിയിനങ്ങളെ കണ്ടെത്തിയത്. നിത്യഹരിത വനങ്ങളിൽ മാത്രം വളരുന്ന എണ്ണമറ്റ ഇഞ്ചിയിനങ്ങളും ഇവിടെയുണ്ട്. മലേഷ്യയിലും തായ്‌ലൻഡിലും ചായയും സാലഡും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ടോർച്ച് ജിഞ്ചർ ഇവിടെ കാണാം. രണ്ടാൾ പൊക്കത്തിലേക്ക് വളരുന്ന തണ്ടുകളാണ് പ്രത്യേകത. പൂവിന്റെ തണ്ടിന് മാത്രം മൂന്നടിയോളം ഉയരമുണ്ട്. പൂവ് ഉപയോഗിച്ചാണ് ചായയും സാലഡും നിർമിക്കുന്നത്. ഒരുമാസത്തിലേറെ വാടാതെ ഭംഗി ചോരാതെ നിൽക്കുമെന്നതാണ് പൂവിന്റെ മറ്റൊരു പ്രത്യേകത. ശബരിമലയിൽ പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്ന വിവിധയിനം ഇഞ്ചി വർഗങ്ങളും ജിഞ്ചർ ഹൗസിലുണ്ട്. ഇഞ്ചി ഗവേഷണത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ബോട്ടണി വിഭാഗത്തിലെ അധ്യാപകൻ ഡോ. വി.പി.തോമസാണ് ജിഞ്ചർ ഹൗസിന്റെ ചുമതലക്കാരൻ.