രോഗങ്ങൾ വരാതിരിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം രോഗ പ്രതിരോധ ശക്തി മെച്ചപ്പെടുത്തുക എന്നതാണ്. ക്രമേണ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാൻ സഹായിക്കുന്ന ഒരു ചായ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കോവിഡ്-19 കേസുകൾ വർദ്ധിച്ചു വരുന്ന ഇന്നത്തെ ഈ സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ആരോഗ്യ വിദഗ്ധർ ശക്തമായ പ്രതിരോധശേഷിയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ശരീരത്തിന് ഒരു നല്ല രോഗപ്രതിരോധശേഷി ഉണ്ടാവുകയാണെങ്കിൽ, അത് രോഗമുണ്ടാക്കുന്ന അണുക്കളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഒരു ദിവസം കൊണ്ടൊന്നും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയില്ലെങ്കിലും, അതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ കഴിയുന്ന നിരവധി ഭക്ഷണ ഘടകങ്ങൾ ഉണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുക എന്നത്. നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കുടിക്കാവുന്ന ലളിതമായ ഇഞ്ചി – വെളുത്തുള്ളി – മഞ്ഞൾ ചായയും അതിന്റെ ഗുണങ്ങളും ഇവിടെ നിന്ന് മനസ്സിലാക്കാം.
ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ
വേദനസംഹാരി, സെഡേറ്റീവ്, ആന്റിപൈറിറ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ജിഞ്ചെറോൾ എന്ന സജീവ സംയുക്തം ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഇഞ്ചി ദഹനത്തിന് സഹായിക്കുകയും കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും സന്ധി വേദന കുറയ്ക്കുകയും ചെയ്യുന്നു. ജലദോഷത്തിനും പനിക്കും എതിരെ പോരാടാനും ഇത് ഫലപ്രദമാണ്.
വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ
വെളുത്തുള്ളി വിഭവങ്ങളിൽ രുചിയും വാസനയും പകരുക മാത്രമല്ല, ശരീരത്തിന് ഗുണകരമായ അവശ്യ പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടവുമാണ്. വെളുത്തുള്ളിയിൽ സൾഫറിന്റെ അംശം കൂടുതലാണ്, മാത്രമല്ല, ആൻറിബയോട്ടിക് ഗുണങ്ങളുമുണ്ട്. ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ജലദോഷവും പനിയും വരുന്നത് തടയുന്നതിനും ഇത് ഏറെ ഫലപ്രദമാണ്.
മഞ്ഞൾ നൽകുന്ന ആരോഗ്യ ഗുണങ്ങൾ
മഞ്ഞൾ അതിന്റെ ഔഷധ ഗുണങ്ങൾക്കായി കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഫലപ്രദമായ ഒരു ഒറ്റമൂലിയാണ്. നിരവധി പോഷകങ്ങളുടെ ഒരു കലവറയാണിത്. ആൻറി ഓക്സിഡന്റ്, വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ജലദോഷവും പനിയും ഒഴിവാക്കാൻ സഹായിക്കുന്നു, ദഹനത്തെ മെച്ചപ്പെടുത്തുന്നു, കരളിനെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ആരോഗ്യ ഗുണങ്ങൾ ഉറപ്പാക്കാനും പ്രതിരോധ ശക്തി കൂട്ടാനും ഇഞ്ചി – വെളുത്തുള്ളി – മഞ്ഞൾ ചായ എങ്ങനെ തയ്യാറാക്കാം? ഇതിനു വേണ്ടി നിങ്ങൾക്ക് ആവശ്യമുള്ള ചേരുവകൾ:
> രണ്ട് വെളുത്തുള്ളിയുടെ അല്ലി
> അര ഇഞ്ച് കഷ്ണം ഇഞ്ചി
> അര ഇഞ്ച് പച്ച മഞ്ഞൾ അല്ലെങ്കിൽ പകുതി ടീസ്പൂൺ മഞ്ഞൾപ്പൊടി
> ഒന്നര കപ്പ് വെള്ളം
> തേൻ
> നാരങ്ങാനീര്
ഇത് എങ്ങനെ ഉണ്ടാക്കാം
ഘട്ടം 1: ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ അല്പം വെള്ളം ചേർത്ത് ഒരുമിച്ച് അരച്ചെടുത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക.
ഘട്ടം 2: വെള്ളം തിളപ്പിച്ച് അതിൽ ഈ പേസ്റ്റ് ചേർക്കുക. ഈ മിശ്രിതം 5 മിനിറ്റ് നേരം തിളപ്പിക്കുക.
ഘട്ടം 3: ചായ ഒരു കപ്പിൽ അരിച്ചെടുത്ത് തേനും നാരങ്ങയുടെ നീരും ചേർത്ത് രുചി വർദ്ധിപ്പിക്കുക ഇനി കുടിക്കാം.