ലഖ്‌നൗ : അഫ്ഗാനിസ്ഥാനില്‍ നിന്നു ഒരു പെണ്‍കുട്ടി കാബൂള്‍ നദിയിലെ ജലം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചുകൊടുത്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടി അയച്ചു നല്‍കിയ കാബൂള്‍ നദീജലം രാമജന്മഭൂമിയില്‍ സമര്‍പ്പിച്ചെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദീപോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താനായി അയോധ്യയിലേക്ക് പുറപ്പെടും മുന്‍പ് യോഗി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
‘അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടി കാബൂള്‍ നദിയിലെ ജലം രാമജന്മഭൂമിയില്‍ സമര്‍പ്പിക്കാനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് അയച്ചു നല്‍കി. ഇത് ഞാനിന്ന് രാമജന്മഭൂമിയില്‍ സമര്‍പ്പിക്കും. ഇതിലെനിക്ക് അതിയായ സന്തോഷമുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തിരിച്ചുവന്നിട്ടും ഇന്ത്യയോടും ഇവിടുത്തെ പുണ്യസ്ഥലങ്ങളോടും ബഹുമാനവും ഭക്തിയും കാത്തുസൂക്ഷിക്കുന്നവരുടെ സ്‌നേഹം രാമജന്മഭൂമിക്ക് സമര്‍പ്പിക്കാനാണ് താന്‍ അയോധ്യ സന്ദര്‍ശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം എല്ലാ തടസ്സങ്ങളും നീക്കി മുന്നോട്ടുപോകുന്നത് അഭിമാനകരമാണ്’- യോഗി ആദിത്യനാഥ് പറഞ്ഞു.
ഈ വര്‍ഷം ഒമ്പത് ലക്ഷം മണ്‍വിളക്കുകളാണ് അയോധ്യയില്‍ തെളിയിക്കുന്നത്. ഓരോ മണ്‍വിളക്കുകയും സര്‍ക്കാര്‍ പദ്ധതിയായ ഒമ്പത് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനെ പ്രതിനിധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ദീപോത്സവം അഞ്ചിനാണ് അവസാനിക്കുക.