മൂവാറ്റുപുഴ : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ കാമുകനെ കാണാൻ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറുടെ കൂടെ പുറപ്പെട്ട ടിക് ടോക് താരമായ ഡിഗ്രി വിദ്യാർഥിനിയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപം പോലീസ് കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. കോട്ടയത്തെ കോളജിലെ മൈക്രോബയോളജി ഒന്നാം വർഷ വിദ്യാർഥിനി 3 മാസം മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ ബെംഗളൂരു സ്വദേശിയെ പരിചയപ്പെട്ടത്.
18 വയസ്സു തികയുമ്പോൾ വിവാഹിതരാകാൻ ഇവർ തീരുമാനിച്ചത്രേ. 2 മാസം മുൻപ് വിദ്യാർഥിനിക്കു 18 വയസ്സു പൂർത്തിയായെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ വിവാഹത്തിനെത്താൻ സാധിക്കില്ലെന്നു കാമുകൻ വ്യക്തമാക്കി. യുവതി വിവാഹത്തിനു നിർബന്ധിച്ചതോടെ ബെംഗളൂരുവിൽ എത്താൻ കാമുകൻ ആവശ്യപ്പെട്ടു. ബെംഗളൂരുവിലേക്കു പോകാൻ ഇവർ ഓൺലൈനിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം വിമാനത്താവളത്തിലെത്താനായി ഫെയ്സ്ബുക്ക് സുഹൃത്തായ ഓട്ടോറിക്ഷക്കാരന്റെ സഹായം തേടി.
ഇയാൾ എത്തി വീട്ടുകാരറിയാതെ യുവതിയെ വീട്ടിൽ നിന്നു സുഹൃത്തിന്റെ വീട്ടിൽ കൊണ്ടു പോയി. ഇവിടെ നിന്നു വിമാനത്താവളത്തിലേക്കു പോകുന്ന വഴിയാണു ഇരുവരെയും പോലീസ് കണ്ടെത്തുന്നത്. മകളെ കാണാതായതായി മാതാപിതാക്കൾ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഫോൺ നമ്പർ നിരീക്ഷിച്ചപ്പോൾ ഇവർ കാലടി ഭാഗത്തുണ്ടെന്നു മനസ്സിലാക്കി കാലടി പോലീസിനു വിവരം കൈമാറിയിരുന്നു.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തിച്ച യുവതി മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറായില്ല. ജയിലിൽ പോയാലും മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെന്നായിരുന്നു നിലപാട്. എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞ പോലീസ് കാമുകനെ ഫോണിൽ വിളിച്ചു. വിവാഹത്തിനു തയാറല്ലെന്നും ഇവരെ അറിയില്ലെന്നും ഇയാൾ പറഞ്ഞത് പോലീസ് സ്പീക്കർ ഫോണിലൂടെ യുവതിയെ കേൾപ്പിച്ചു. തുടർന്നാണ് മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറായത്.