ലഖ്നോ: ബൈബിൾ സമ്മാനിക്കുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനത്തിനുള്ള ശ്രമമായി കാണാനാകില്ലെന്ന് അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച്. ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിന്‍റെ പരിധിയിൽ ഇത്തരം കാര്യങ്ങൾ കുറ്റകൃത്യമായി കണക്കാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരെ ക്രിസ്ത്യൻ മതത്തിലേക്ക് നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേർക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ഷമീം അഹമദിന്‍റേതാണ് വിധി.
മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ ജോസ് പാപ്പച്ചൻ, ഷീജ തുടങ്ങിയവർക്ക് ജാമ്യം അനുവദിക്കരുതെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ബി.ജെ.പി നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. “ബൈബിൾ നൽകുന്നതോ, ഒരാൾക്ക് നല്ല മൂല്യങ്ങൾ പറഞ്ഞുകൊടുക്കുന്നതോ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ പ്രേരിപ്പിക്കുന്നതോ, മദ്യപിക്കരുതെന്ന് പറയുന്നതോ, മതപരിവർത്തനമായി കണക്കാക്കാനാകില്ല” എന്ന് കോടതി ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തിന് ഇരയാക്കപ്പെട്ടയാൾക്കോ അയാളുടെ കുടുംബത്തിനോ മാത്രമാണ് പരാതി നൽകാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.