മുംബൈ : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി. ദില്ലി സർവകലാശാലയ്ക്ക് കീഴിലെ രാം ലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. മുംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്‍റെതാണ് ഉത്തരവ്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കേസിൽ ഏഴ് വർഷത്തോളമായി ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു പ്രൊഫ. ജിഎൻ സായിബാബ. പ്രൊഫ. ജിഎൻ സായിബാബയടക്കം അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയ കോടതി ഇവരെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.
പോളിയോ ബാധിതനായി ഇരുകാലുകളും തളർന്ന സായിബാബയെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് ദില്ലി സർവകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്. 2012 ല്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോൺഫറൻസിൽ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്.